കളർ ഒന്ന് മാറ്റി പിടിക്കാം! ഡ്യൂറന്റ് ചാമ്പ്യന്മാരെ തകർക്കാൻ അടിമുടി മാറി കൊമ്പന്മാർ
Indian Super League
കളർ ഒന്ന് മാറ്റി പിടിക്കാം! ഡ്യൂറന്റ് ചാമ്പ്യന്മാരെ തകർക്കാൻ അടിമുടി മാറി കൊമ്പന്മാർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 4:23 pm

കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണിലെ ആദ്യ എവേ മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ന് രാത്രി ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈ വര്‍ഷത്തെ ഡുറന്റ് കപ്പ് ചാമ്പ്യന്‍മാരായ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക തങ്ങളുടെ പുതിയ എവേ ജേഴ്‌സിയില്‍ ആയിരിക്കും. പരമ്പരാഗതമായി കേരളം മഞ്ഞ ജേഴ്‌സിയണിഞ്ഞുകൊണ്ട് കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് മറ്റൊരു നിറത്തിലുള്ള ജേഴ്സി അണിഞ്ഞായിരിക്കും ഗുവാഹത്തിയില്‍ ഇറങ്ങുക.

നോര്‍ത്ത് ഈസ്റ്റിനെതിരെ ഓറഞ്ച് നിറമുള്ള ജേഴ്‌സി ധരിച്ചുകൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഇതിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രൊഫൈലുകള്‍ ഓറഞ്ച് നിറമുള്ള ചിത്രം ആക്കിയിരിക്കുകയാണ്.

അതേസമയം സീസണിലെ സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ വീതം തോല്‍വിയും ജയവുമായാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ പഞ്ചാബ് വിജയഗോള്‍ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ 2-1ന് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.

മത്സരത്തില്‍ മലയാളി താരം വിഷ്ണുവിന്റെ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടിയത്. എന്നാല്‍ നോഹ സദൗയിലൂടെയും ക്വാമി പെപ്രയിലൂടെലൂടെയും ഗോളുകള്‍ നേടി ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റും ഓരോ വിജയവും തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായാണ് സ്വന്തം തട്ടകത്തില്‍ കേരളത്തിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പുതുമുഖങ്ങളായ മൊഹമ്മദന്‍സിനെ ഒരു ഗോളിന് വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ പോരാട്ടം തുടങ്ങിയത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഗുവാഹത്തിയില്‍ രണ്ട് ടീമുകളും വിജയം തുടരാന്‍ കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

 

Content Highlight: Kerala Blasters Wear New Away Jersey Against North East United