|

പ്രതീക്ഷകള്‍ തകര്‍ന്നു; പത്താം തോല്‍വിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പത്താം തോല്‍വി. കേരളത്തിനെതിരെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത മൂന്ന് ഗോളിലാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പാടെ മങ്ങിയിരിക്കുകയാണ്. തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് നിലയില്‍ മോഹന്‍ ബഗാന്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

മത്സരത്തില്‍ 28ാം മിനിട്ടിലും 40ാം മിനിട്ടിലും മോഹന്‍ ബഗാന്റെ ജാമി മക്ളേരന്‍ നേടിയ ഇരട്ട ഗോളിലാണ് ടീം തുടക്കത്തിലെ ലീഡ് നേടിയത്. മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിന് ആദ്യപകുതിയില്‍ പോലും ഗോള്‍ നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് 66ാം മിനിട്ടില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഗോളും കേരളത്തിന്റെ നെഞ്ചില്‍ തുളഞ്ഞപ്പോള്‍ മത്സരത്തില്‍ പൂര്‍ണ ആധിപത്യം ഉറപ്പിക്കാനും മോഹന്‍ ബഗാന് സാധിച്ചു.

പാളിപ്പോയ പ്രതിരോധനിരയും ഊര്‍ജ്ജം നഷ്ടപ്പെട്ട മുന്നേറ്റ നിരയും കേരളത്തിന് വില്ലനായി. മാത്രമല്ല മോഹന്‍ ബഗാന്റെ മികച്ച ഡിഫന്‍ഡിങ് ലൈന്‍ അപ്പും കേരളത്തിന് വെല്ലുവിളിയായി. 4-4-2 എന്ന ഫോര്‍മേഷനിലായിരുന്നു കേരളം ഇറങ്ങിയത്. മോഹന്‍ ബഗാന്‍ 4-2-3-1 എന്ന് ഫോര്‍മേഷനിലും ഇറങ്ങി.

മത്സരത്തില്‍ കേരളവും മോഹന്‍ ബഗാനും ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതില്‍ ഒപ്പത്തിനൊപ്പം ആയിരുന്നു 14 തവണ കേരളം എതിരാളികളുടെ വലയിലേക്ക് ബോള്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ടാര്‍ഗറ്റ് ലക്ഷ്യം വെച്ച് കുതിച്ചത്. എന്നാല്‍ നാല് ടാര്‍ഗറ്റ് ഓണ്‍ ഷോട്ടുകള്‍ ആണ് മോഹന്‍ ബഗാന്‍ ചെയ്തത്. അതില്‍ മൂന്നെണ്ണം വലയിലെത്തിക്കാന്‍ ടീമിന് സാധിച്ചു.

നിലവില്‍ 21 മത്സരങ്ങളില്‍ നിന്ന് 15 വിജയവും 4 സമനിലയും രണ്ട് തോല്‍വിയുമാണ് മോഹന്‍ ബഗാനുള്ളത്. 49 പോയിന്റുകളാണ് ടീമിനുള്ളത്.

നിലവില്‍ കേരളം 20 മത്സരങ്ങളില്‍ നിന്നും 7 വിജയവും മൂന്നു സമനിലയും 10 തോല്‍വിയും ഉള്‍പ്പെടെ 24 പോയിന്റ് നേടി എട്ടാം സ്ഥാനത്താണ്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ച മോഹന്‍ ബഗാന്‍ ഐ.എസ്.എല്ലിലെ കിരീടം ലക്ഷ്യം വെച്ചുതന്നെയാണ് കളിക്കുന്നത്. അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി ഏറെ പോയിന്റ് മുന്നിലാണു മോഹന്‍ ബഗാന്‍.

Content Highlight: Kerala Blasters VS Mohun Bagan