|

രണ്ടാം പാദ മത്സരത്തില്‍ സഹല്‍ ടീമിലില്ല; പകരക്കാരുടെ പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ കോച്ച് ഇവാന്‍ വുകോമനൊവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഗോവ: ഐ.എസ്.എല്ലിന്റെ രണ്ടാം പാദ സെമി ഫൈനല്‍ മത്സരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനായി. ആദ്യ പാദ മത്സരത്തില്‍ നിന്നും നിരവധി മാറ്റങ്ങളുമായാണ് കോച്ച് ഇവാന്‍ വുകോമനൊവിച്ച് ടീമിനെ അണി നിരത്തിയിരിക്കുന്നത്.

പരിക്കേറ്റ് പുറത്തിരുന്ന നിഷുകുമാര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ രക്ഷകനായ സഹലിനെ ടീമില്‍ നിന്നും പുറത്താക്കി. പകരക്കാരുടെ ലിസ്റ്റില്‍ പോലും സഹലിനെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തുതയാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.

എന്ത് കാരണത്താലാണ് സഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത് എന്നതിനെ സംബന്ധിച്ച് ഒരു വാര്‍ത്തയും പുറത്തുവിട്ടിട്ടില്ല.

ആല്‍വാരോ വാസ്‌ക്വസ് ഹോര്‍ജെ പെരേര ഡയസ്, അഡ്രിയാന്‍ ലൂണ, പ്യൂട്ടിയ, ആയുഷ് അധികാരി, നിഷുകുമാര്‍, സന്ദീപ്, ഹോര്‍മിപാം, ലെസ്‌കോവിച്ച്, ഖബ്ര, ഗില്‍ എന്നിവരാണ് ആദ്യ ഇലവനിലുള്ളത്.

സഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആദ്യപാദ സെമിയില്‍ 38-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസിന്റെ അസിസ്റ്റില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സ് 1-0ന് വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് ജംഷഡ്പൂരിനെ സമനിലയില്‍ തളച്ചാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലേക്ക് മുന്നേറാനാവും.

ലെസ്‌കോവിച്ചും ഖബ്രയും ഹോര്‍മിപാമും ചേര്‍ന്നുള്ള പ്രതിരോധവും ജംഷഡ്പൂരിന് മുന്നില്‍ വലയം തീര്‍ക്കുമെന്നുറപ്പ്. കൊമ്പന്‍മാരുടെ പാപ്പാന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍ കൂടിയാകുമ്പോള്‍ ജംഷഡ്പൂരിന് കാര്യങ്ങള്‍ എളുപ്പമാകില്ല. നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്‌സിന് കരുത്താകും.

ഇതിനെല്ലാം പുറമെ ജംഷഡ്പൂരിന്റെ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളി കൂടിയായതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് പ്രത്യേക ഉണര്‍വിലാണ്.

മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്റെ ലക്ഷ്യം. ഋതിക് ദാസ്, ഡാനിയേല്‍ ചീമ, ഗ്രെഗ് സ്റ്റുവര്‍ട്ട് തുടങ്ങി എണ്ണം പറഞ്ഞ താരങ്ങളാണ് കോയലിന്റെ കരുത്ത്. ഒപ്പം ഗോള്‍വല കാക്കാന്‍ മലയാളി താരം രഹ്നേഷും.

അതിനിടെ, മാര്‍ച്ച് 20ന് നടക്കുന്ന ഐ.എസ്.എല്ലിന്റെ ഫൈനല്‍ മാച്ചിന് വേണ്ടിയുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു, എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കൊവിഡ് കാരണമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഐ.എസ്.എല്‍ ഫൈനലിന് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ഫൈനല്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്സുമുണ്ടാകും എന്ന ഉറച്ച വിശ്വാസത്തില്‍ പല മഞ്ഞപ്പട ആരാധകരും ടിക്കറ്റ് എടുത്തിരിക്കുമെന്ന് ഉറപ്പ്.

Content Highlight: Kerala Blasters vs Jamshedpur FC, Sahal Abdul Samad was excluded from team