ഐ.എസ്.എല്ലിന്റെ രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തില്‍ കരുത്തരായ ജംഷഡ്പൂരിനെ തളച്ച് കേരളം.1-1 എന്ന നിലയില്‍ സമനില നേടിയെങ്കിലും 2-1 അഗ്രഗേറ്റ് എന്ന സ്‌കോറിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്.
18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തിയ കേരളം മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എങ്കിലും ജംഷഡ്പൂര്‍ അതിന് തടയിടുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ആക്രമിച്ചുകളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ ഞെട്ടിച്ചത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ തന്നെയാണ് 18ാം മിനിറ്റില്‍ ഗോളിലേക്ക് വഴിവെച്ചതും.
പ്ലേ ഓഫിന്റെ ആദ്യപാദത്തില്‍ 1-0 എന്ന ലീഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മലയാളി താരം സഹല്‍ നേടിയ ഗോളിന്റെ ബലത്തില്‍ സമനിലയായാലും കേരളം ഫൈനലിലെത്തുമായിരുന്നു. 2-1 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്.
അമ്പതാം മിനിറ്റിലായിരുന്നു ജംഷഡ്പൂരിന്റെ സമനിലഗോള്‍. കോര്‍ണറില്‍ നിന്നും പ്രണോയ് ഹല്‍ദാര്‍ ഗോള്‍ നേടി.
ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടിയില്‍ പ്രണോയ് ഹല്‍ദാര്‍ കൈകൊണ്ട് നിയന്ത്രിച്ച പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഹാന്‍ഡ്ബോളിനായി ലെസ്‌കോവിച്ച് വാദിച്ചെങ്കിലൂം ഗുണമുണ്ടായില്ല.
ആദ്യമത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ സഹല്‍ അടക്കം ഇല്ലാതെ അടിമുടി മാറ്റിയായിരുന്നു കോച്ച് ടീമിനെ സജ്ജമാക്കിയത്. എങ്കിലും അതിന്റെ ആലസ്യമൊന്നും തന്നെ ടീമിന് ഉണ്ടായിരുന്നില്ല. എണ്ണയിട്ട യന്ത്രം പോലെ അവര്‍ കോച്ചിന്റെ നിര്‍ദേശത്തിനൊത്ത് ചലിക്കുകയും ജയിക്കുകയുമായിരുന്നു.
ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളിക്കുള്ള മറുപടി കൂടിയായിരുന്നു കേരളത്തിന്റെ ജയം. ജംഷഡ്പൂരിനെതിരായ ജയത്തോടെ തങ്ങളുടെ മൂന്നാം ഫൈനലിനാണ് കേരളം ബൂട്ടുകെട്ടുന്നത്.
നാളെ നടക്കുന്ന എ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്.സി മത്സരത്തിലെ വിജയികളെയായിരിക്കും കേരളത്തിന് നേരിടാനുണ്ടാവുക. 3-1 എന്ന സ്‌കോറിന് ഹൈദരാബാദ് ഇപ്പോള്‍ മുന്നിലാണ്.
കഴിഞ്ഞ രണ്ട് തവണയും കൈവിട്ട കിരീടം തിരിച്ചുപിടിക്കുക എന്നതുമാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.
മാര്‍ച്ച് 20നാണ് കിരീടപ്പോരാട്ടം.
Content Highlight: Kerala Blasters to the Finals of ISL