| Tuesday, 15th March 2022, 11:42 am

ഒരു 90 മിനിറ്റ് കൂടി ജംഷഡ്പൂരിനെ പിടിച്ചുകെട്ടൂ; ഫൈനല്‍ തേടി കൊമ്പന്മാര്‍ ഇന്നിറങ്ങുമ്പോള്‍ ആവേശത്തില്‍ മഞ്ഞപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ലെവലുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിനിറങ്ങുകയാണ്.

ഗോവ വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7:30നാണ് മത്സരം ആരംഭിക്കുക.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലൂടെയാണ് സീസണിലെ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സിയെ കേരളം ആദ്യപാദ സെമിയില്‍ പിടിച്ചുകെട്ടിയത് എന്നതും ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ആവേശം ഉയര്‍ത്തുന്നുണ്ട്.

ഇവാന്‍ വുകമനോവിച് എന്ന സെര്‍ബിയക്കാരന്‍ പരിശീലകന് മേല്‍ അത്രമേല്‍ വിശ്വാസമാണ് മഞ്ഞപ്പടയും പ്ലെയേഴ്‌സും അര്‍പ്പിച്ചിരിക്കുന്നത്. മുമ്പ് സെമിയിലെത്തിയ രണ്ട് തവണയും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയിട്ടുണ്ട് എന്ന ചരിത്രവും കൂടിയുണ്ട്.

ഇന്നത്തെ രണ്ടാം പാദത്തില്‍ ഒരു സമനില നേടിയാല്‍ പോലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് ആരാധകര്‍ക്കും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്നത്.

ആദ്യപാദ സെമിക്ക് പിന്നാലെ ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളി കൂടി വന്നതോടെ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഒന്നുകൂടി ശക്തമായിരിക്കുകയാണ്.

ജംഷഡ്പൂരിനെ തോല്‍പിച്ച്, മാര്‍ച്ച് 20ന് നടക്കുന്ന ഫൈനലിലേക്കെത്തുക എന്ന ലക്ഷ്യം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യപാദ സെമിയിലെ ഫോം തുടര്‍ന്നാണ് അത് അനായാസേന സാധിക്കും എന്നതും സംശയാതീതമായി പറയാം.

സഹല്‍, പെരേര ഡയസ്, അല്‍വാരോ വാസ്‌കസ്, അഡ്രിയന്‍ ലൂണ, എന്നിവരുടെ മുന്നേറ്റങ്ങള്‍ക്കൊപ്പം ഹര്‍മന്‍ജ്യോത് ഖബ്ര, മാര്‍ക്കോ ലെസ്‌കോവിച്, ഹോര്‍മിപാമുമൊക്കെ എതിരാളികള്‍ക്ക് തടയിടാന്‍ ശക്തരായി നില്‍ക്കുകയും വിന്‍സ് ബരേറ്റയും ആയുഷ് അധികാരിയുമടങ്ങുന്ന സംഘം മിഡ്ഫീല്‍ഡിങ്ങ് പവറുകളാകുകയും ചെയ്താല്‍ മാര്‍ച്ച് 20ന് വേണ്ടി ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രാത്രി തന്നെ പരിശീലനം ആരംഭിക്കാം.

ഇതിനൊപ്പം മറന്നുകൂടാനാവാത്ത പേരാണ് കേരളത്തിന്റെ ഗോള്‍വല കാക്കുന്ന, ഗോള്‍ഡന്‍ ഗ്ലൗവ് പോരാട്ടത്തിലെ മുമ്പന്‍ പ്രബ്‌സുഖന്‍ ഗില്‍.സഹലിന്റെ ഗോളിനൊപ്പം തന്നെ ജംഷഡ്പൂര്‍ താരങ്ങളെ ഗോളടിക്കാന്‍ സമ്മതിക്കാതിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ മതിലുകളും കഴിഞ്ഞ മത്സരത്തിന് ശേഷം ചര്‍ച്ചയായിരുന്നു.


ഐ.എസ്.എല്ലിന്റെ ആദ്യ സീസണായ 2014ല്‍ ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തിലും 2016ല്‍ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയെങ്കിലും രണ്ട് തവണയും എ.ടി.കെയോട് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഹൈദരാബാദ് എഫ്.സിക്കെതിരായ ആദ്യപാദ സെമിയില്‍ എ.ടി.കെ മോഹന്‍ബഗാന്‍ 1-3ന് പരാജയപ്പെട്ടു എന്നതും ബ്ലാസ്റ്റേഴ്‌സിന് ആവേശം നല്‍കിയിട്ടുണ്ടാകാം.

മാത്രമല്ല, ഡേവിഡ് ജെയിംസിനും സ്റ്റീവ് കോപ്പലിനുമുള്ളതിനേക്കാള്‍ ആരാധക പിന്തുണയും വുകമനോവിചിനുണ്ട്. പ്ലെയേഴ്‌സിനെ പോലെതന്നെ സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് വുകമനോവിചിനെയും.

സീസണില്‍ നേടുന്ന പോയിന്റുകളുടെ എണ്ണം, നേടിയ ഗോളുകളുടെ എണ്ണം, തുടര്‍ച്ചയായി പരാജയമറിയാതെ മത്സരിച്ച കളികളുടെ എണ്ണം- തുടങ്ങി സര്‍വ മേഖലകളിലും സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ആത്മവിശ്വാസത്തോടെയാണ് വുകമനൊവിചിന്റെ ടീം ഇന്ന് തിലക് മൈതാനില്‍ ഇറങ്ങുക.

അതിനിടെ, മാര്‍ച്ച് 20ന് നടക്കുന്ന ഐ.എസ്.എല്ലിന്റെ ഫൈനല്‍ മാച്ചിന് വേണ്ടിയുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു, എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കൊവിഡ് കാരണമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഐ.എസ്.എല്‍ ഫൈനലിന് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ഫൈനല്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സുമുണ്ടാകും എന്ന ഉറച്ച വിശ്വാസത്തില്‍ പല മഞ്ഞപ്പട ആരാധകരും ടിക്കറ്റ് എടുത്തിരിക്കുമെന്ന് ഉറപ്പ്.


Content Highlight: Kerala Blasters to face Jamshedpur FC in the second leg semi final of ISL at Goa

We use cookies to give you the best possible experience. Learn more