കൊച്ചി: ചിരവൈരികളായ ബെംഗളൂരു എഫ്.സിയുടെ പാളയത്തില്‍ ചെന്ന് സൂപ്പര്‍താരത്തെ റാഞ്ചിയെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. 29കാരനായ റൈറ്റ് ബാക്ക് താരം പ്രബിര്‍ ദാസാണ് മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.
ഫ്രീ ഏജന്റായ താരം 2026 വരെയാണ് ക്ലബ്ബുമായി കരാറിലെത്തിയിരിക്കുന്നത്. പ്രതിരോധം ഇനി അതിശക്തം എന്ന മുഖവുരയോടെയാണ് താരത്തെ ക്ലബ്ബ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.
ഒരു സ്വാപ് ഡീലിലൂടെയാണ് പ്രബിറിനെ കരോലിസ് സ്‌കിന്‍കിസ് ടീമിലെത്തിച്ചത്. മലയാളി താരം ആഷിഖ് കരുണിയനെയാണ് പകരമായി വിട്ടുനല്‍കിയത്. ഐ.എസ്.എല്ലില്‍ ഇതുവരെ 106 മത്സരങ്ങളില്‍ പ്രബിര്‍ ദാസ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനായും 20 മത്സരങ്ങളില്‍ താരം ബൂട്ട് കെട്ടിയിരുന്നു.
പൈലാന്‍ ആരോസ് യൂത്ത് അക്കാദമിയുടെ കണ്ടെത്തലായ ദാസ്, 2012-2013ല്‍ ആരോസിനൊപ്പം ഒരു തകര്‍പ്പന്‍ സീസണ്‍ കളിച്ചിരുന്നു. തുടര്‍ന്ന് ഡെംപോയിലേക്ക് മാറിയ താരം എഫ്.സി ഗോവയിലും ഡല്‍ഹി ഡൈനാമോസിലും ലോണില്‍ കളിച്ചു.
2015 മുതല്‍ ഏഴ് വര്‍ഷം എ.ടി.കെ മോഹന്‍ബഗാനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2016, 2019-20 സീസണുകളിലായി രണ്ട് ഐ.എസ്.എല്‍ കിരീടങ്ങളും, 2014-15ല്‍ ഐ ലീഗ്, 2015-16ല്‍ ഫെഡറേഷന്‍ കപ്പ്, 2022ല്‍ ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.
നിരവധി കിരീടങ്ങള്‍ നേടിയ അനുഭവസമ്പത്തുമായാണ് പ്രബിര്‍ ദാസ് ടീമിലെത്തുന്നതെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ‘ഒരു സീനിയര്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കളിക്കളത്തിലും പുറത്തും ടീമിലെ യുവാക്കളില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
വിവിധ ടൂര്‍ണമെന്റുകളിലായി ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പവും എതിരെയും അദ്ദേഹം കളിച്ചിട്ടുണ്ട്. ആ അറിവും അദ്ദേഹത്തിന്റെ കഴിവുകളും ഭാവിയില്‍ ടീമിന് ഗുണം ചെയ്യും. വരാനിരിക്കുന്ന സീസണില്‍ പ്രബിറിന് എല്ലാ ആശംസകളും നേരുന്നു,’ ഡയറക്ടര്‍ പറഞ്ഞു.
ക്ലബ്ബിന്റെ വിഷനും ഞാന്‍ എങ്ങനെ ടീമില്‍ കളിക്കണമെന്നുള്ള ആശയങ്ങളും നന്നായി ബോധിച്ചെന്ന് പ്രബിര്‍ ദാസ് പറഞ്ഞു. ‘എന്നില്‍ വിശ്വാസമര്‍പ്പിച്ച ടീം മാനേജ്‌മെന്റിനും ഓണര്‍മാര്‍ക്കും നന്ദിയറിയിക്കുന്നു. കലൂര്‍ സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍,’ താരം പറഞ്ഞു. നിരവധി ആരാധകരാണ് താരത്തെ സ്വാഗതം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിടുന്നത്.
Content Highlights: Kerala Blasters signed Indian right-back Prabir Das