| Wednesday, 10th January 2024, 3:53 pm

സ്ട്രോങ്ങായ ബ്ലാസ്‌റ്റേഴ്‌സിനെ ഡബിൾ സ്ട്രോങ്ങാക്കാൻ അവനെത്തി; ലൂണയുടെ പകരക്കാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണക്ക് പകരക്കാരനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ഇന്റര്‍നാഷണല്‍ താരം ഫെഡോര്‍ സെര്‍നിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്.

ഫെഡോര്‍ സെര്‍നിച്ച് പൊളിഷ് ക്ലബ്ബായ ഗോര്‍ണിക് ലെസിനയിലും റഷ്യന്‍ ക്ലബ്ബായ ഡൈനാമൊ മോസ്‌കോക്ക് വേണ്ടിയും ലിത്വിയാന സ്‌ട്രൈക്കര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.സൈപ്രസ് ക്ലബ്ബായ എ.ഇ.എല്‍ ലിമസോളിമയാണ് താരം അവസാനം കളിച്ച ടീം.

ലിത്വിയാനക്ക് വേണ്ടി 88 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 14 ഗോളുകളാണ് സ്വന്തമാക്കിയത്. താരം മെഡിക്കല്‍ നടപടികള്‍ കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരും.

ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നു. ഈ സീസണില്‍ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും നേടികൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ഉറുഗ്വായ്ന്‍ സ്‌ട്രൈക്കര്‍ നല്‍കിയത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇവാന്‍ വുകമനോവിച്ചിന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ തലപ്പത്താണ് ഉള്ളത്. 12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും രണ്ടു തോല്‍വിയുമടക്കം 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

ഈ സീസണില്‍ പത്തു മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ട് മിന്നും ഫോമിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്‍ഡക്കോസ്. ഡയമാന്‍ഡക്കോസിനൊപ്പം മുന്നേറ്റ നിരയില്‍ ലുത്വിയാന സൂപ്പര്‍ താരം കൂടി ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

Content Highlight: Kerala Blasters sign Fedor Cernych the replacement of Adrian Luna.

We use cookies to give you the best possible experience. Learn more