കൊച്ചി: ഇനി മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട കാക്കാന്‍ മലയാളിത്താരം അനസ് എടത്തൊടികയും. അടുത്ത രണ്ടു സീസണിലേക്കാണ് കേരളാ ബ്ലാസറ്റേഴ്സ് അനസ് എടത്തൊടികയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. പ്രമുഖ ഫുട്ബോള്‍ ഓണ്‍ലൈനായ ഗോള്‍ ഡോട് കോമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാലാം സീസണില്‍ ജംഷദ്പൂര്‍ എഫ്.സിയുടെ താരമായിരുന്ന അനസ് ഐ.എസ്.എല്ലില്‍ ഇതുവരെയും കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല. നേരത്തെ മലയാളിത്താരങ്ങളായ എം.പി സക്കീറിനെയും അബ്ദുല്‍ ഹക്കുവിനെയും ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് കൂടുതല്‍ മയാളിത്താരങ്ങളുമായി അടുത്ത സീസണില്‍ കരുത്താര്‍ജ്ജിക്കാനാണ് ശ്രമിക്കുന്നത്.
കോപ്പലാശാന്റെ ജംഷദ്പൂരിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നെങ്കിലും പരിക്കിന്റെ പിടിയിലായ താരത്തിനു സീസണില്‍ പകുതിയിലേറെ മത്സരങ്ങളും നഷ്ടമായിരുന്നു.
ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിങ്കാന് നയിക്കുന്ന പ്രതിരോധ നിരയില്‍ ഇന്ത്യയിലെ മികച്ച ഡിഫന്‍ഡറായ അനസ് കൂടി എത്തുന്നതോടെ ഏത് ടീമിനെയും വെല്ലുവിളിക്കുന്ന പ്ലെയിംഗ് ഇലവനാകും ഡേവിഡ് ജെയിംസ് അണിയിച്ചൊരുക്കുക എന്നകാര്യത്തില്‍ സംശയത്തിനിടയില്ല.
കഴിഞ്ഞ മൂന്നു സീസണുകളിലുമായി 30 തിലേറെ മത്സരങ്ങളില്‍ മുന്‍ മോഹന്ബഗാന് താരമായ അനസ് ബൂട്ടുകെട്ടിയിട്ടുണ്ട്. ആദ്യ രണ്ടു സീസണുകളില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്നു അനസ് എടത്തൊടിക.