കൊച്ചി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞും. ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് ട്രയല്‍സ് നടക്കാനിരുന്ന കൊച്ചിയിലെ പനമ്പള്ളി നഗര്‍ സ്‌കൂളിന്‍ ഗേറ്റ് പൂട്ടിയത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം പ്രസിഡന്റും കുന്നത്തുനാട് എം.എല്‍.എയുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിലാണ് നടപടിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഒരു ഗേറ്റ് തുറന്നിട്ടുണ്ട്.
നൂറിലധികം കുട്ടികളാണ് ഇന്ന് രാവിലെ അണ്ടര്‍ 17 ടീമിലേക്കുള്ള സെലക്ഷന് വേണ്ടി എത്തിയത്. എന്നാല്‍ ഈ തീരുമാനം വളരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അധികാരികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോട് കാണിക്കരുതെന്നും മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എട്ട് മാസത്തെ വാടക നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
‘ഇത് ഞാന്‍ പൂട്ടിയതല്ല, സര്‍ക്കാര്‍ പ്രോപ്പര്‍ട്ടിയായത് കൊണ്ട് എല്ലാ ദിവസവും പൂട്ടിയിടാറുണ്ട്. ട്രയല്‍സ് നടക്കുന്ന കാര്യം കൗണ്‍സിലിനെ അറിയിച്ചിരുന്നില്ല. കൗണ്‍സിലിനൊരു കത്ത് നല്‍കാതെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള വാടക കുടിശ്ശികയുമുണ്ട്. അതിന് വേണ്ടി പല പ്രാവശ്യം കത്ത് അയച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിഷേധാത്മക നിലപാടാണ് ഇത്തരം അവസ്ഥ വരുത്തിയത്. അവര്‍ ഇന്നലെ പറഞ്ഞിരുന്നുവെങ്കില്‍ ഗേറ്റ് തുറക്കാമായിരുന്നു,’ ശ്രീനിജന്‍ പറഞ്ഞു.
എന്നാല്‍ വാടക കുടിശ്ശിക നല്‍കാനില്ലെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലിയും അറിയിച്ചു. വാടക നല്‍കിയിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സും അറിയിച്ചിരുന്നു. വാടക കൃത്യമായി സംസ്ഥാന കൗണ്‍സിലിന് നല്‍കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കൗണ്‍സിലര്‍മാര്‍ എത്തി ചേരുകയും സ്‌കൂളിന്റെ മറ്റൊരു ഗേറ്റ് തുറക്കുകയുമായിരുന്നു. എന്നാല്‍ കുട്ടികളെയല്ലാതെ മറ്റാരെയും സ്‌കൂളിലേക്ക് കയറ്റി വിടുന്നില്ലെന്ന പരാതിയും ഉയര്‍ന്ന് വരുന്നുണ്ട്.
CONTENT HIGHLIGHT: Kerala Blasters selection trials blocked by MLA; The gate was locked; Opened after protests