| Friday, 2nd September 2022, 9:06 pm

ഒന്നിനെതിരെ പതിമൂന്ന് ഗോള്‍; ഗോളടിച്ച് വലനിറച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള വനിതാ ലീഗില്‍ ഗോളടിച്ചൂകൂട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കടത്തനാട് രാജ എഫ്.എക്കെതിര നടന്ന മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പെണ്‍പട എതിരാളികളുടെ ഗോള്‍വല നിറച്ചത്.

അഞ്ച് മത്സരത്തില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം ജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരാനും ബ്ലാസ്റ്റേഴ്‌സിനായി.

ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ലക്ഷ്മി തമാങ്ങാണ് ഗോള്‍ വേട്ടയില്‍ കത്തി നിന്നത്. നാല് ഗോളാണ് തമാങ് കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയുടെ വലയില്‍ അടിച്ചിട്ടത്.

ലക്ഷ്മിക്ക് പുറമെ പകരക്കാരിയായെത്തിയ പി. മാളവികയും ഹാട്രിക് നേടിയപ്പോള്‍ നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോള്‍ നേടി. എസ് അശ്വതി, ടി.പി. ലുബ്ന ബഷീര്‍ എന്നിവരും എതിരാളികളുടെ വലകുലുക്കി.

തനു (ഗോള്‍ കീപ്പര്‍) സി. സിവിഷ, പൂര്‍ണിമ ഗെഹ്ലോട്, വി.വി. ആരതി, എം. കൃഷ്ണപ്രിയ, ടി.ജി. ഗാഥ, പിങ്കി കശ്യപ്, നിധിയ ശ്രീധരന്‍, നിലിമ ഖക, ടി.പി. ലുബ്ന ബഷീര്‍, ലക്ഷ്മി തമാങ് എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി അണിനിരന്നത്.

കടത്തനാട് രാജ ഫുട്ബാേള്‍ അക്കാദമിക്കായി സി.കെ. ശ്രീജയ, പി. മേഘ, ബനാവത് മൗണിക, പി.എം. ദേവനന്ദ, എന്‍. അവ്യ, പി. നീലാംബരി, തുളസി വി. വര്‍മ, അശ്വതി എസ്. വര്‍മ, എ. ഗോപിക, രുദ്രരപു രവാലി എന്നിവരും അണിനിരന്നു.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സായിരുന്നു പ്രധാന കാഴ്ച. മൂന്നാം മിനിറ്റില്‍തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.

സിവിഷ എടുത്ത കോര്‍ണര്‍ കിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍നിര താരം ലക്ഷ്മിയുടെ കാലില്‍ നിന്നും പിറന്ന ഷോട്ട് കടത്തനാട് ഗോള്‍ കീപ്പറെ നിഷ്പ്രഭയാക്കി വലയില്‍ വിശ്രമിക്കുകയായിരുന്നു.

ഒമ്പതാം മിനിറ്റില്‍ ലക്ഷ്മിയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഹാഫ് ടൈമിന് മുമ്പ് തന്നെ 4-1 എന്ന ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് കളിയവസാനിക്കുമ്പോഴേക്കും 13 ഗോള്‍ എതിര്‍ ടീമിന്റെ വലയിലെത്തിച്ചിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനായി നാല് ഗോള്‍ നേടിയ ലക്ഷ്മി തമാങ്ങിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

Content Highlight: Kerala Blasters score 13 goald against Kadathanad Raja FA in Kerala Women’s League

We use cookies to give you the best possible experience. Learn more