| Friday, 1st April 2022, 9:53 am

ഇനി കളി അങ്ങ് യൂറോപ്പില്‍; വിമാനം കയറാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ഐ ലീഗില്‍ നിന്നും താരങ്ങളെ റാഞ്ചാനും പദ്ധതി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്‍ എട്ടാം സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രീ സീസണ്‍ പര്യടനത്തിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യന്‍ രാജ്യങ്ങളടക്കം ഉള്‍ക്കൊള്ളുന്ന ദൈര്‍ഘ്യമേറിയ പ്രീ സീസണാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.

കഴിഞ്ഞ സീസണിന് മുന്നോടിയായി നടത്തിയ പ്രീ സീസണ്‍ പര്യടനത്തിന് സമാനമായ പര്യടനമാണ് ബ്ലാസറ്റേ്‌ഴ്‌സ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിച്ച സാഹചര്യത്തില്‍ ടീമിന് മേല്‍ സമ്മര്‍ദ്ദമേറുമെന്നും, എന്നാല്‍ സമ്മര്‍ദ്ദങ്ങളെ മറികടക്കാനും അടുത്ത സീസണ്‍ മികച്ചതാക്കാനുള്ള മുന്നൊരുക്കങ്ങളാണ് കൊമ്പന്‍മാര്‍ ഇപ്പോഴേ നടത്തുന്നതെന്നും സ്‌കിന്‍കിസ് സൂചിപ്പിച്ചു.

വിദേശ പര്യടനമടങ്ങുന്ന ദൈര്‍ഘ്യമേറിയ പ്രീ സീസണിനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. അടുത്ത സീസണിലേക്ക് ഇന്ത്യന്‍ താരങ്ങളെ ഐ ലീഗില്‍ നിന്ന് ടീമിലെത്തിക്കാനും ബ്ലാസ്‌റ്റേഴ്‌സ് പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ടീം ഫൈനലിലെത്തിയതിന് പിന്നില്‍ വിദേശതാരങ്ങളുടെ പ്രകടനം മാത്രമല്ല, ഇന്ത്യയുടെ യുവനിരയുടെ പ്രകടനവും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ജീക്സന്‍ സിങ്, ആയുഷ് അധികാരി, പ്യൂറ്റ, ഹോര്‍മിപാം, ഗോള്‍കീപ്പര്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായിരുന്നു. കിട്ടിയ അവസരം നന്നായി കെ.പി. രാഹുല്‍, സഞ്ജീവ് സ്റ്റാലിന്‍, വിന്‍സി ബാരെറ്റോ എന്നിവര്‍ ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ ഇനി ഇവര്‍ കേവലം യുവതാരങ്ങളല്ലെന്നും, പരിചയ സമ്പന്നരായ താരങ്ങളാണെന്നും സ്‌കിന്‍കിസ് പറയുന്നു.

‘പ്രതീക്ഷയുടെ സമ്മര്‍ദ്ദങ്ങളില്ലാതിരുന്നതിനാല്‍ ഈ സീസണില്‍ ടീമിലെ യുവതാരങ്ങള്‍ക്ക് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ ഇനി അങ്ങിനെ ആയിരിക്കില്ല.

കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നതിനാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാവും ടീമിന് കളിക്കേണ്ടി വരിക. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താനാണ് ബ്ലാസ്റ്റേഴ്സ് യുവതാരങ്ങള്‍ ഇനി ശ്രദ്ധിക്കേണ്ടത്,’ സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

മറ്റേത് സീസണിനേക്കാളും മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇവാന്‍ വുകോമനൊവിച്ചിന് കീഴില്‍ നടത്തിയത്. ഏറ്റവും കൂടുതല്‍ ജയങ്ങളും ഏറ്റവും കൂടുതല്‍ പോയിന്റും ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലാണ് നേടിയത്.

തോല്‍വിയറിയാത്ത തുടര്‍ച്ചയായ മത്സരങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.

Content Highlight: Kerala Blasters’s pre season European tour before next season

Latest Stories

We use cookies to give you the best possible experience. Learn more