കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മലയാളി കായിക താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.
ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിക്കുകയായിരുന്നു. ‘ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പ് നല്‍കി താരം കെ.ബി.എഫ്.സിയുടെ ജേഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രവും ക്ലബ്ബ് പങ്കുവെച്ചിട്ടുണ്ട്.
സഞ്ജു രാജ്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
താന്‍ പണ്ട് മുതല്‍ ഒരു ഫുട്ബോള്‍ ആരാധകനാണെന്നും അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായതിനാല്‍ ഫുട്ബോള്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ന്നുള്ള കായിക വിനോദമാണെന്നും ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി തന്നെ സംബന്ധിച്ച് വലിയ ആദരമാണെന്നും സഞ്ജു പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു. ഐ.പി.എല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനും നിരവധി ആരാധക പിന്തുണയുണ്ട്. പരിക്കിന്റെ പിടിയിലായതിനാല്‍ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.
ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും ഏകദിന പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.
പരിക്ക് കാരണം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ചികിത്സക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തതോടെ മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരായ എകദിന പരമ്പരയില്‍ സഞ്ജു കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.