| Thursday, 21st April 2022, 6:49 pm

'ഓട് ജിംഖാ കണ്ടം വഴി'; 21ാം നമ്പര്‍ ജേഴ്‌സി തിരിച്ചുകൊണ്ടുവന്ന് ബ്ലാസ്‌റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പ്രതിരോധ താരം സന്ദേശ് ജിംഖാന്റെ ജേഴ്‌സിയായിരുന്ന 21ാം നമ്പര്‍ തിരിച്ചുകൊണ്ടുവന്ന് ക്ലബ്ബ്. വരാനിരിക്കുന്ന സീസണില്‍ യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസായിരിക്കും 21ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കുകയെന്ന് ക്ലബ്ബ് അറിയിച്ചു.

ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രഖ്യാപിച്ചു.

സന്ദേശ് ജിംഖാന്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചപ്പോള്‍ അണിഞ്ഞിരുന്ന ജേഴ്‌സിയാണ് 21ാം നമ്പര്‍. ജിംഖാന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ക്ലബ്ബ് ഈ ജേഴ്‌സി മറ്റ് കളിക്കാര്‍ക്കായി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ ആക്ഷേപ പരമാര്‍ശത്തിന് പിന്നാലെ ആരാധകര്‍ ജിംഖാനെതിരെ തിരിഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ജിംഖാന്‍ അണിഞ്ഞിരുന്ന 21ാം നമ്പര്‍ ജേഴ്‌സി കൊണ്ടുവരണമെന്നുള്ളത്.

പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലെ തോന്നി എന്നായിരുന്നു നിലവില്‍ എ.ടി.കെ മോഹന്‍ബഗാന്‍ താരമായ ജിംഖാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ ഒരു മത്സര ശേഷം പറഞ്ഞത്. ജിംഖാന്റെ ഈ സെക്‌സിസ്റ്റ് പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പ്രതിഷേധം കനത്തതോടെ ഒരുവേള അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവന്നിരുന്നു.

അതേസമയം, തിരുവനന്തപുരം സ്വദേശിയാണ് 21ാം നമ്പറില്‍ ഇനി ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന ബിജോയ് വര്‍ഗീസ്. 2018ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന ബിജോയ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗില്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു.

2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സീനിയര്‍ ടീം ക്യാമ്പിലേക്കുള്ള വഴിയൊരുക്കി.

2021-22 ഐ.എസ്.എല്‍ സീസണിലെ ഫൈനല്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ക്ലബ്ബിന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐ.എസ്.എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.

Content Highlights: Kerala Blasters return the Former defender sandesh jhingan‘s jersey No. 21

We use cookies to give you the best possible experience. Learn more