ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് സര്‍വ സജ്ജമായിട്ടാവും കളത്തിലിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടീമിന്റെ പരിശീലന സെഷനുകളും വ്യക്തമാക്കുന്നത് ഇക്കാര്യം തന്നെയാണ്.
അണ്‍ബീറ്റണ്‍ റെക്കോഡുമായി കൊമ്പുകലുക്കി കുതിച്ചിരുന്ന കൊമ്പന്‍മാര്‍ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരുവിന് മുന്നില്‍ കാലിടറി വീണെങ്കിലും അതൊന്നും ടീമിന്റെ ആത്മവിശ്വാസത്തെ തെല്ലുപോലും ബാധിച്ചിട്ടില്ല.
കൊവിഡ് പിടിച്ചുലച്ചതിനാലും അവശ്യമായ തന്ത്രങ്ങള്‍ മെനയാനുള്ള കൃത്യമായ സാവകാശം ലഭിക്കാഞ്ഞതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. അന്ന് കളി മറന്നെങ്കിലും ഇനിയങ്ങോട്ട് കൊമ്പന്‍മാര്‍ കലിപ്പടക്കല്‍ മോഡിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.
വെള്ളിയാഴ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് മൈതാനത്തിറങ്ങുന്നത്.
കൊവിഡിന് ശേഷം തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും മൂര്‍ച്ച കൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത മത്‌സരത്തിനിറങ്ങുന്നത്.
ജനുവരി 12ന് ഒഡീഷ എഫ്.സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബയോ സെക്യൂര്‍ ബബിളില്‍ കൊവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് ടീം മുഴുവന്‍ ക്വാറന്റൈനിലായിരുന്നു. പരിശീലനത്തിനിറങ്ങാനോ ജിം ഉപയോഗിക്കാനോ വീഡിയോ ഫുട്ടേജുകള്‍ കണ്ട് തന്ത്രങ്ങള്‍ മെനയാനോ ബ്ലാസ്റ്റേഴ്‌സിനോ വുകോമനൊവിച്ചിനോ കഴിഞ്ഞിരുന്നില്ല.
ഒഡീഷയ്ക്കെതിരായ 2-0 ജയത്തിനു പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങളും മാറ്റി വെച്ചിരുന്നു. മുംബൈ സിറ്റി എഫ്.സിയ്ക്കും എ.ടി.കെ മോഹന്‍ ബഗാനുമെതിരായ മത്സരങ്ങളാണ് മാറ്റി വെച്ചത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
14 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്.
15 മത്സരങ്ങളില്‍ നിന്നും 2 ജയം മാത്രം സ്വന്തമാക്കി 10 പോയിന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്.
content highlight: Kerala Blasters Practice Sessions, Next match on 4th February Friday