ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വിയറിയാത്ത പത്ത് മത്സരങ്ങളുമായി മുന്നേറുന്നിതിനിടെയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നതും പല കളികളും ഉപേക്ഷിക്കേണ്ടി വന്നതും. കൊവിഡ് ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് തടയിണയാകുമെന്ന് കരുതിയെങ്കിലും തിരിച്ചു വരവിനൊരുങ്ങുകയാണ് കൊമ്പന്‍മാരും കോച്ച് വുകോമനൊവിച്ചും.
ദിവസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ മൈതാനത്ത് പരിശീലനത്തിനിറങ്ങിയെന്ന് വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴ് താരങ്ങളാണ് പ്രാക്ടീസിനായി കഴിഞ്ഞ ദിവസം മൈതാനത്തിറങ്ങിയത്.
ചെറിയ തോതിലുള്ള പരിശീലനമാണ് ഇവര്‍ നടത്തിയെങ്കിലും ആരാധകര്‍ക്ക് ഇതുണ്ടാക്കിയിരിക്കുന്ന ആവേശം ചില്ലറയല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ കളത്തിലെത്തുമെന്നും അടുത്ത മത്സരത്തിന് മുമ്പേ ടീം പൂര്‍ണമായും സജ്ജരാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബയോ സെക്യൂര്‍ ബബിളില്‍ കൊവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് ടീം മുഴുവന്‍ ക്വാറന്റൈനിലായിരുന്നു. പരിശീലനത്തിനിറങ്ങാനോ ജിം ഉപയോഗിക്കാനോ വീഡിയോ ഫുട്ടേജുകള്‍ കണ്ട് തന്ത്രങ്ങള്‍ മെനയാനോ ബ്ലാസ്‌റ്റേഴ്‌സിനോ വുകോമനൊവിച്ചിനോ കഴിഞ്ഞിരുന്നില്ല.
ജനുവരി 12ന് ഒഡീഷ എഫ്.സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
ഒഡീഷയ്‌ക്കെതിരായ 2-0 ജയത്തിനു പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളും മാറ്റി വെച്ചിരുന്നു. മുംബൈ സിറ്റി എഫ്.സിയ്ക്കും എ.ടി.കെ മോഹന്‍ ബഗാനുമെതിരായ മത്സരങ്ങളാണ് മാറ്റി വെച്ചത്.
ജനുവരി 30ന് ബെംഗളൂരു എഫ്.സിയോടാണ് കൊമ്പന്‍മാരുടെ അടുത്ത മത്സരം. അപ്പോഴേക്കും ടീമിലെ എല്ലാവരും ഫിറ്റ്‌നെസ് വീണ്ടെടുത്ത് പൂര്‍ണമായും കളിക്കളത്തിലെത്താന്‍ സജ്ജരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവിനെതിരെയുള്ള ആദ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ബെംഗളൂരുവിനെ തോല്‍പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെങ്കില്‍, പ്രതാപത്തോടെയുള്ള മടങ്ങിവരവിനാണ് ബ്ലൂസ് ലക്ഷ്യമിടുന്നത്.