| Tuesday, 24th September 2024, 8:29 am

ഈ മനുഷ്യനെ തോൽപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിയില്ല; മിന്നൽ റെക്കോഡിൽ ബ്ലാസ്റ്റേഴ്‌സ് സിംഹം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം മല്‌സരത്തില് ശക്തമായി തിരിച്ചുവരുകയായായിരുന്നു.

ഈ ആവേശകരമായ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം പ്രീതം കൊട്ടാല്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെടാത്ത താരമെന്ന നേട്ടമാണ് പ്രീതം കൊട്ടാല്‍ കൈപ്പിടിയിലാക്കിയത്.  ഐ.എസ്.എല്ലില്‍ ഇതുവരെ എട്ട് മത്സരങ്ങളിലാണ് പ്രീതം ഈസ്റ്റ് ബംഗാളിനെതിരെ കളിച്ചത്. ഈ മത്സരങ്ങളിലെല്ലാം പ്രീതം കോട്ടല്‍ വിജയിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിനു മുമ്പ് പ്രീതം മോഹന്‍ ബഗാന് വേണ്ടിയായിരുന്നു പന്തുതട്ടിയിരുന്നത്. 2021-22, 2022-23 സീസണില്‍ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന രണ്ട് മത്സരങ്ങളിലും ബഗാനായിരുന്നു വിജയിച്ചിരുന്നത്.

2023-24 സീസണില്‍ കേരളത്തിനൊപ്പവും പ്രീതം ഈസ്റ്റ് ബംഗാളിനെതിരെ വിജയം സ്വന്തമാക്കി. ആ സീസണില്‍ തന്നെ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മറ്റൊരു മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ പ്രീതം ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നില്ല.

ഇപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കൂടി ഈസ്റ്റ് ബംഗാളിനെതിരെ വിജയിച്ചതോടെ പ്രീതം ഈസ്റ്റ് ബംഗാളിനെതിരെയുള്ള തന്റെ വിജയാധിപത്യം നിലനിര്‍ത്തിയിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ മലയാളി താരം വിഷ്ണുവിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. നോഹ സദൗയിലൂടെയും ക്വാമി പെപ്രയിലൂടെയുമാണ് ബ്ലാസ്റ്റേഴ്സ് ഗോളുകള്‍ നേടിയത്.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും തോല്‍വിയുമായി മൂന്ന് പോയിന്റോടെ ആറാം സ്ഥാനത്താണ് കേരളം. സെപ്റ്റംബര്‍ 29ന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേസിന്റെ അടുത്ത മത്സരം. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Kerala Blasters Player  Pritam Kotal Great Record Against  East Bengal in ISL

We use cookies to give you the best possible experience. Learn more