കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തില്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ നിമിഷമായിരുന്നു ആല്‍വെരോ വാസ്‌ക്വസിന്റെ ലോംഗ് റേഞ്ചര്‍.
മധ്യവരയ്ക്കിപ്പുറത്തു നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ വലയിലേക്ക് ആ പന്ത് പാഞ്ഞു കയറുമ്പോള്‍ ആരാധകര്‍ മാത്രമായിരുന്നില്ല, നോര്‍ത്ത് ഈസ്റ്റ് താരങ്ങളും അമ്പരപ്പിലായിരുന്നു.
59 മീറ്റര്‍ അകലെ നിന്നും അടിച്ചു കയറ്റിയ ഗോള്‍ ഐ.എസ്.എല്ലിലെ ഏറ്റവും ദൂരമേറിയ ഗോളായും ഇത് വിലയിരുത്തപ്പെടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഭാഗത്ത് നിന്നും ഇനിയും ലോംഗ് റേഞ്ചര്‍ ഗോളുകള്‍ ഉണ്ടാകും എന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് താരം ഖബ്ര.
വാസ്‌ക്വസിന്റെ ഗോളുകള്‍ കണ്ട് പരിശീലന സെഷനില്‍ നിഷു കുമാര്‍ നിരന്തരം ലോംഗ് റേഞ്ചറുകള്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും, വാസ്‌ക്വസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് താനും ഇനിയും ലോംഗ് റേഞ്ചറുകളടിക്കാന്‍ ശ്രമിക്കുമെന്നും ഖബ്ര പറയുന്നു.
പരിശീലന സമയത്തും വാസ്‌ക്വസ് ഇത്തരത്തില്‍ ലോംഗ് റേഞ്ചറുകളടിച്ച് ടീമിനെ ഞെട്ടിക്കാറുണ്ടെന്നും, അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് കഴിഞ്ഞ മത്സരത്തിലെ ആ ഗോള്‍ കണ്ട് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ലെന്നും ഖബ്ര പറയുന്നു.
അതേസമയം, ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി വാസ്‌ക്വസും രംഗത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് അടിപൊളിയാണെന്നും, ടീമിന്റെ ആരാധകര്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സീസണിന്റെ ആദ്യകാലത്ത് ടീം മോശപ്പെട്ട അവസ്ഥയിലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ഒരു കുടുംബം പോലെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.