|

ത്രിശങ്കുവില്‍ ബ്ലാസ്‌റ്റേഴ്‌സ്; ഭാവി ഇന്നറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച കളത്തിലിറങ്ങുന്നത്. സെമി സാധ്യത നിലനിര്‍ത്താനുള്ള മത്സരം എന്ന നിലയില്‍ ഇന്നത്തെ കളി ടീമിന് ജയിച്ചേ മതിയാവു.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ചെന്നൈയില്‍ എഫ്.സിയാണ് കേരളത്തിന്റെ എതിരാളികള്‍. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ചെന്നൈയിന്‍ എഫ്.സിയും നഷ്ടപ്പെടാന്‍ ഏറെയുള്ള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് പോരാട്ടം എന്നതും ശ്രദ്ധേയമാണ്.

നാണക്കേടിലും തലയുയര്‍ത്തി മടങ്ങാനാവും ചെന്നൈയിന്‍ ശ്രമിക്കുക. അതുകൊണ്ടുതന്നെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയം എന്ന ലക്ഷ്യം തന്നെയായിരിക്കും ചെന്നൈയിന്റെ മനസിലും ഉണ്ടാവുക.

മറുവശത്ത് കേരളത്തിനാവട്ടെ ജയം അനിവാര്യമാണുതാനും. എന്നാല്‍ വെറുതെ ജയിച്ചാലും പോരാ, മികച്ച മാര്‍ജിനില്‍ തന്നെ ജയിക്കുകയും വേണം. ഇന്നത്തെ കളി പരാജയപ്പെട്ടാല്‍ കേരളത്തിന്റെ ആദ്യ കപ്പ് എന്ന മോഹം ഇത്തവണയും നടക്കാന്‍ സാധ്യതയില്ല.

സെമി ബെര്‍ത്ത് ലക്ഷ്യമിട്ട് മുംബൈ സിറ്റി എഫ്.സിയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. എഫ്.സി ഗോവയാണ് മുംബൈയുടെ എതിരാളികള്‍. കേരളത്തിന്റെ അതേ അവസ്ഥ തന്നെയാണ് മുംബൈയ്ക്കും. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ എഫ്.സി ഗോവയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല, നിലവിലെ ചാംമ്പ്യന്‍മാരായ മുംബൈയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടാണ്.

ഇന്ന് മികച്ച മാര്‍ജിനില്‍ കേരളം ചെന്നൈയിനെ പരാജയപ്പെടുത്തുകയും മുംബൈ ഗോവയോട് തോല്‍ക്കുകയും ചെയ്താല്‍ കേരളത്തിന് മുന്‍പില്‍ പ്രതീക്ഷകളുടെ ഗോപുരവാതില്‍ തുറക്കുമെന്നുറപ്പാണ്.

സമനില പോലും തങ്ങളുടെ സ്വപ്‌നങ്ങളെ തല്ലിക്കൊഴിക്കുമെന്ന ഉത്തമമായ ബോധ്യത്തില്‍ ‘രണം അല്ലെങ്കില്‍ മരണം’ എന്നതാവും കേരളത്തിന്റെ ലൈന്‍.

അടുത്ത ദിവസം തന്നെ സെമി മോഹവുമായി മുന്‍ ചാമ്പ്യന്‍മാര്‍ ബെംഗളൂരു എഫ്.സിയും കളത്തിലിറങ്ങുന്നുണ്ട്. പ്ലേ ഓഫില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ച എ.ടി.കെ മോഹന്‍ബഗാനാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

നിലവില്‍ രണ്ട് ടീമുകളാണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഹൈദരാബാദ് എഫ്.സിയാണ് ടൂര്‍ണമെന്റില്‍ എല്ലാവരെക്കാളും മുമ്പിലോടി സെമിയില്‍ പ്രവേശിച്ച ആദ്യ ടീം. കഴിഞ്ഞ ദിവസം നേടിയ വിജയത്തിലൂടെ ജംഷഡ്പൂര്‍ എഫ്.സിയും സെമി ഉറപ്പിച്ചു കഴിഞ്ഞു.

Content Highlight: Kerala Blasters Play Off  possibilities

Video Stories