| Tuesday, 23rd April 2024, 5:26 pm

119 വർഷങ്ങൾക്ക് ശേഷം കിരീടമുയർത്തിയ ലെവർകൂസനെ മാതൃകയാക്കാം! ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾക്കായി ബ്ലാസ്റ്റേഴ്സിനും കാത്തിരിക്കാം

Sudev A

119 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഈ സീസണില്‍ ബയര്‍ ലെവര്‍ക്കൂസന്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വിജയ കൊടി പാറിച്ചിരുന്നു. 32 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് തങ്ങളുടെ ആദ്യം കിരീടം സ്വന്തമാക്കുന്നത്.

ഫുട്‌ബോളില്‍ ആദ്യ കിരീടം നേടാന്‍ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്ന ചുരുക്കം ചില ടീമുകള്‍ ആണിത്. ഇതുപോലെ ഒരുപാട് ടീമുകളെ ഫുട്‌ബോള്‍ ലോകത്ത് നമുക്ക് കാണാന്‍ കഴിയും. ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും തങ്ങളുടെ ആദ്യകിരീടത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു ടീമുണ്ട്. മലയാളികളെല്ലാം ഒരുപോലെ നെഞ്ചിലേറ്റുന്ന സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും സെമി കാണാതെ പുറത്തായിരിക്കുകയാണ്. ക്വാളിഫയറിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു കൊണ്ടായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ടീം ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ നിന്നും പടിയിറങ്ങിയത്.

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച തുടക്കമായിരുന്നു ലഭിച്ചിരുന്നത്. സീസണിന്റെ ആദ്യപകുതിക്ക് ഡിസംബര്‍ മാസത്തിന്റെ അവസാനമാണ് അന്ത്യം കുറിച്ചത്. ആ സമയങ്ങളില്‍ 12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി 26 പോയിന്റോടെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം.

എന്നാല്‍ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ച തോടുകൂടി ബ്ലാസ്റ്റേഴ്സ് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും പോയിന്റ് ടേബിളില്‍ താഴോട്ട് പോവുകയുമായിരുന്നു. രണ്ടാം പകുതിയില്‍ 10 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്. ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. സീസണിന്റെ രണ്ടാം പകുതിയില്‍ ഏഴ് പോയിന്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാന്‍ സാധിച്ചത്.

സീസണിന്റെ തുടക്കത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്‌സ് സെക്കന്‍ഡ് ഹാഫില്‍ നിരാശാജനകമായ പ്രകടനങ്ങള്‍ പുറത്തെടുത്തതിന് പിന്നില്‍ ധാരാളം തിരിച്ചടികള്‍ നല്‍കിയ ഘടകങ്ങളുണ്ട്.

ഏറെ പ്രതീക്ഷകളര്‍പ്പിച്ച താരങ്ങളുടെ അപ്രതീക്ഷിതമായ പരിക്കാണ് ഈ സീസണില്‍ മലയാളികളുടെ പ്രിയപ്പെട്ട ടീമിന് തിരിച്ചടിയായിട്ടുള്ള പ്രധാന കാരണം.

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ജീക്‌സന്‍ സിങ്ങിനും ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനും പരിക്ക് സംഭവിച്ചത് ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ഒരു തിരിച്ചടിയായിരുന്നു.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി ഉറുഗ്വന്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ പരിക്ക് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി ഗ്രൗണ്ടില്‍ സര്‍വ മേഖലയിലും ആധിപത്യം പുലര്‍ത്തിക്കൊണ്ട് കളിക്കാന്‍ സാധിക്കുന്ന ലൂണായെപ്പോലുള്ള ഒരു പ്രധാന താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

സീസണിന്റെ ആദ്യപകുതിയില്‍ ലൂണ മഞ്ഞപ്പടയുടെ നെടുംതൂണായി കൂടെയുണ്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലൂണയെ കേരളത്തിന് നഷ്ടമാവുകയായിരുന്നു.

ലൂണയുടെ അഭാവം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ ഗോളടി മേളം നടത്തിയ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ ആയിരുന്നു. ഈ സീസണില്‍ 17 മത്സരങ്ങളില്‍ 13 ഗോളുകളാണ് ഡയമന്റക്കോസ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ലൂണയ്ക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന ലിത്വാനിയ താരം ഫെഡോര്‍ സെര്‍നിച്ചും നിര്‍ണായകമായ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സിയില്‍ പുറത്തെടുത്തത്. മൂന്ന് ഗോളുകളാണ് താരം ബ്ലാസ്റ്റേഴ്സിനായി നേടിയത്.

തിരിച്ചടികള്‍ നേരിട്ടിട്ടും ഈ സീസണില്‍ ഓര്‍മ്മിക്കപ്പെടാന്‍ ഒരുപിടി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചുകൊണ്ട് തന്നെയാണ് മലയാളികളുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പടിയിറങ്ങുന്നത്.

ഈ സീസണിലെ കരുത്തരായ മുംബൈ സിറ്റിയെയും എ.ടി.കെ മോഹന്‍ ബഗാനെയും തകര്‍ത്ത മഞ്ഞ കുപ്പായക്കാരുടെ പോരാട്ടവീര്യം അപ്പോഴും ആരാധകരുടെ മനസ്സില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. എഫ്.സി ഗോവക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന് ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് ജയിച്ചു കയറിയ ബ്ലാസ്റ്റേഴ്സിനെയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.

പത്ത് വര്‍ഷത്തിനിടെ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മൂന്ന് ഫൈനലുകളാണ് കേരളത്തിന് അവകാശപ്പെടാന്‍ ഉള്ളത്. കാലവും കാല്‍പന്തും ഉള്ളിടത്തോളം കാലം കേരള ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിലേറ്റുന്ന ജനത എപ്പോഴും കൂടെയുണ്ടാവും. കേരളത്തിന്റെ മഞ്ഞപ്പൂവുകള്‍ കൊഴിയാതെ തളിര്‍ത്തു പൂത്ത് ഒരു മഞ്ഞകടലായി മാറുന്ന അനശ്വരമായ ദിവസത്തിനുവേണ്ടി നമുക്ക് കാതോര്‍ത്തിരിക്കാം.

Content Highlight: Kerala Blasters Performance in 2023 Indian Super League Season

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more