ബെല്‍ഗ്രേഡ്: കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമയും പ്രമുഖ വ്യവസായിയുമായ നിമ്മഗഡ്ഡ പ്രസാദ് അഴിമതിക്കേസില്‍ അറസ്റ്റില്‍. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വെച്ചാണ് പ്രസാദ് അറസ്റ്റിലായത്.
സെര്‍ബിയയിലുള്ള പ്രസാദ് കഴിഞ്ഞ രണ്ടുദിവസമായി അവിടെ കസ്റ്റഡിയിലാണ്. വാന്‍പിക്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബെല്‍ഗ്രേഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വാന്‍പിക് പദ്ധതിയുടെ തട്ടിപ്പിനെക്കുറിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
റാസല്‍ഖൈമയുമായി ചേര്‍ന്ന പ്രസാദ് വോഡരേവ്-നിസാം പട്ടണം തുറമുഖ വ്യവസായ ഇടനാഴി പദ്ധതി (വാന്‍പിക്) ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതിയാരോപണം.
പദ്ധതിക്കായി അന്നത്തെ സര്‍ക്കാര്‍ നല്‍കിയ 24,000 ഏക്കറോളം ഭൂമി ചട്ടങ്ങള്‍ ലംഘിച്ചാണെന്ന പരാതിയായിരുന്നു ഉയര്‍ന്നതും തുടര്‍ന്ന് കേസായതും.
സെര്‍ബിയയില്‍ വിനോദസഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍ പ്രസാദിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു.
മുന്‍പ് ഇതേ അഴിമതിയുമായി ബന്ധപ്പെട്ട് വൈ.എസ് രാജശേഖര റെഡ്ഢി സര്‍ക്കാരിന്റെ കാലത്ത് വൈ.എസ് ജഗന്മോഹന്‍ റെഡ്ഢിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയായ ജഗനാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമയായ നിമ്മഗഡ്ഡ പ്രസാദ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടീമിന്റെയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗില്‍ തമിഴ് തലൈവാസിലും പ്രസാദിന് പങ്കാളിത്തമുണ്ട്.