| Tuesday, 7th February 2023, 10:25 pm

കൊമ്പൻമാർക്ക് മുന്നേറാൻ ഇനി വേണ്ടത് വെറും മൂന്ന് പോയിന്റ്; ഇത് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ സതേൺ ഡെർബിയിൽ ചെന്നൈയിൻ എഫ്.സിയെ മുട്ട് കുത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
മത്സരത്തിന്റെ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് ടീം ഗെയിമിലൂടെ തിരിച്ചുവന്ന് കൊമ്പൻമാർ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ രണ്ടാം മിനിട്ടിൽ തന്നെ അബ്ദെനാസർ എൽ ഖയാത്തിയുടെ ഗോളിൽ ചെന്നൈ മത്സരത്തിൽ മുൻ തൂക്കം നേടിയെടുത്തിരുന്നു എന്നാൽ വിജയം അത്യന്താപേക്ഷിതമായ മത്സരത്തിൽ കളിയുടെ മുപ്പത്തിയെട്ടാം മിനിട്ടിൽ ലൂണയിലൂടെയും അറുപത്തിനാലാം മിനിട്ടിൽ മലയാളിതാരം രാഹുൽ കെ.പിയിലൂടെയും നേടിയ ഗോളുകളിലൂടെയാണ് കൊമ്പന്മാർ നിർണായകമായ തങ്ങളുടെ ഡെർബി മത്സരം ജയിച്ചു കയറിയത്.

ഗോൾ കീപ്പർ പ്രഭ്ഷുഖാന്‍ സിങ് ഗില്ലിന്റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് തുണയായി.
ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് വന്ന അഞ്ചിലേറെ ഷോട്ട് ഓൺ ടാർഗറ്റ് ഷോട്ടുകൾ തടുത്തുകൊണ്ടാണ് ഗിൽ ബ്ലാസ്റ്റേഴ്‌സിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.

ചെന്നൈക്കെതിരെയുള്ള മത്സരം വിജയിച്ചതോടെ ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്‌സിന് ഐ.എസ്. എൽ സെമി ഫൈനൽ ഉറപ്പിക്കാം.

ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന രണ്ട് ടീമുകൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാം.


തുടർന്ന് മൂന്ന് മുതൽ ആറ് വരെ സ്ഥാനത്ത് വരുന്ന നാല് ടീമുകൾ പരസ്പരം മത്സരിക്കുകയും അതിലെ വിജയികൾ സെമിയിലെ അടുത്ത രണ്ട് സ്ഥാനത്തേക്ക് യോഗ്യത നേടുകയും ചെയ്യും.

നിലവിൽ 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റ് കൂടി നേടിയാൽ ഏഴാം സ്ഥാനത്തുള്ള ഒഡീഷക്ക് പരമാവധി നേടാൻ കഴിയുന്ന 33 പോയിന്റിനെക്കാൾ പോയിന്റ് കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും അങ്ങനെ വന്നാൽ ടീമിന് മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കാതെ നേരിട്ട് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം.

ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഏതെങ്കിലും ഒരു കളിയിൽ ജയിച്ചാൽ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാകും. അല്ലെങ്കിൽ ശേഷിക്കുന്ന മൂന്ന് കളികളിൽ മൂന്ന് സമനിലകൾ നേടിയാലും മതി.

എന്നാൽ ക്ലബ്ബ് അടുത്ത മൂന്ന് മത്സരങ്ങൾ വിജയിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി നേരിട്ട് സെമി യോഗ്യത നേടുമെന്നാണ് ആരാധക പ്രതീക്ഷ.

അതേസമയം ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള പോയിന്റ് ഇതിനോടകം തന്നെ സ്വന്തമാക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന മോഹം സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

അതേ സമയം ഐ.എസ്.എൽ വിജയിക്കാൻ സാധിച്ചാൽ ടീമിന് ഏ.എഫ്. സി കപ്പിൽ കളിക്കാൻ സാധിക്കും.
ഫെബ്രുവരി 11ന് ചിര വൈരികളായ ബെഗ്ലൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഫെബ്രുവരി 26ന് ഹൈദരാബാദ് എഫ്.സിക്കെതിരെയുള്ള മത്സരത്തോടെ ക്ലബ്ബിന്റെ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ പൂർത്തിയാകും.

Content Highlights:kerala blasters need just three points to qualify isl play off

Latest Stories

We use cookies to give you the best possible experience. Learn more