കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ കാലിക്കറ്റ് എഫ്.സിയാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. ആറ് ടീമുകള്‍ അണിനിരന്ന ലീഗിന്റെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ തോല്‍പ്പിച്ച് കൊണ്ടാണ് കാലിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടത്.
സീസണിന്റെ തുടക്കത്തില്‍ ലീഗിന്റെ ഫൈനല്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടത്താമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കുറഞ്ഞ ആരാധകരുടെ പ്രാതിനിധ്യം കാരണം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
36000ത്തോളം ആളുകളായിരുന്നു ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ഇരച്ച് കയറിയത്. മാത്രമല്ല കോഴിക്കോട് നടക്കുന്ന ഒരു ലീഗിന്റെ ഫൈനലില്‍ ഇത്രയും ആരാധകര്‍ എത്തിയത് അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സി.ഇ.ഒ അഭിക്ക് ചാറ്റര്‍ജി ഒരു നീക്കത്തിനൊരുങ്ങുകയാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചില മത്സരങ്ങള്‍ കോഴിക്കോട് വെച്ച് നടത്തിക്കൂടെ എന്ന ഫുട്‌ബോള്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ ഇക്കാര്യം സൂചിപ്പിച്ചത്.
നിലവില്‍ ഐ.എസ്.എല്ലിലെ പോയിന്റ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
കോഴിക്കോട് കേരളത്തിന്റെ മത്സരങ്ങള്‍ക്കായി വമ്പന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. സി.ഇ.ഒ സൂചിപ്പിച്ചത് പോലെ ഐ.എസ്.എല്‍ നടത്താനുള്ള നിലവാരത്തിലേക്ക് സ്റ്റേഡിയമെത്തിയാല്‍ അടുത്ത സീസണില്‍ കോഴിക്കോടും ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാം.
Content Highlight: Kerala Blasters Matchs will be held in Kozhikode in the next ISL season