| Wednesday, 21st March 2018, 4:20 pm

എതിര്‍പ്പുമായി ബ്ലാസ്റ്റേഴ്‌സും; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മാച്ച് നടത്തുന്നതിനെ തങ്ങള്‍ എതിര്‍ത്തില്ലെന്ന വാദം തെറ്റെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഹോം മത്സരങ്ങള്‍ വൈകുന്നതിലുള്ള ആശങ്ക അറിയിച്ചെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

താരങ്ങളും ആരാധകരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും ടീം ഇതുവരെയും പ്രതികരിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചത്.

അതേസമം ക്രിക്കറ്റും ഫുട്‌ബോളും സ്‌റ്റേഡിയത്തില്‍ നടത്താമെന്ന നിലപാടിലാണ് ജി.സി.ഡി.എ. ഇരു മത്സരങ്ങള്‍ക്കും അനുയോജ്യമായാതാണ് കൊച്ചിയിലെ സ്‌റ്റേഡിയമെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനത്തില്‍ എത്താനാകുമെന്നുമാണ് ജി.സി.ഡി.എ പ്രതീക്ഷിക്കുന്നത്.

ഫുട്ബാള്‍ ഗ്രൗണ്ട് ക്രിക്കറ്റിനായി ഉപയോഗിക്കുന്നതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സച്ചിന്‍, ഗാംഗുലി, ശ്രീശാന്ത്, ഐ.എം വിജയന്‍, ഇയാന്‍ ഹ്യൂം, സി.കെ വിനീത്, റിനോ ആന്റൊ, തുടങ്ങിയ കായികതാരങ്ങളും എഴുത്തുകാരന്‍ എന്‍.എസ് മാധവനും, ശശി തരൂര്‍ എം.പിയുമെല്ലാം തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ വിനോദ് റായിക്ക് കത്തയച്ചിരുന്നു.

We use cookies to give you the best possible experience. Learn more