| Saturday, 2nd November 2019, 10:48 pm

മലയാളി ഗോളടിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു; രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് വിജയം നേടി ഹൈദരാബാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: മലയാളി താരം കെ.പി രാഹുല്‍ ഗോളടിച്ചിട്ടും ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സിയോടു തോറ്റത്.

34-ാം മിനിറ്റിലാണ് രാഹുല്‍ ഗോള്‍ നേടിയത്. എന്നാല്‍ 54-ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് ഹൈദരാബാദിനു വേണ്ടി മറുപടി ഗോള്‍ നേടി. കളി തീരാന്‍ ഒമ്പത് മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ഹൈദരാബാദിന്റെ വിജയഗോള്‍. 81-ാം മിനിറ്റില്‍ മാര്‍സലിനോ ലീറ്റെ പെരേരയാണ് ഗോള്‍ നേടിയത്.

ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ പാസ്സില്‍ നിന്നായിരുന്നു 19-കാരനായ രാഹുലിന്റെ ഗോള്‍. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയത്.

മത്സരത്തിന്റെ 22-ാം മിനിറ്റില്‍ 20 യാര്‍ഡ് അകലെനിന്ന് രാഹുല്‍ തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയിരുന്നു.

പത്താം മിനിറ്റില്‍ കേരളത്തിന്റെ സുയിവെര്‍ലൂണിനു പരിക്കേറ്റു പിന്‍വാങ്ങേണ്ടി വന്നിരുന്നു. രാജു ഗെയ്ക്വാദാണു പകരമെത്തിയത്.

മത്സരത്തിലുടനീളം ബോള്‍ പൊസഷനില്‍ വരെ ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. അതിനിടെ രണ്ടു താരങ്ങള്‍ക്കു മഞ്ഞക്കാര്‍ഡും ലഭിച്ചു. നാല് താരങ്ങള്‍ക്കാണ് ഹൈദരാബാദ് നിരയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ മത്സരത്തില്‍ അത്ലറ്റിക്കോ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയോടു പരാജയപ്പെട്ടിരുന്നു. അതേസമയം ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളാണു പരാജയപ്പെട്ടത്. ഇതവരുടെ ആദ്യ ജയമാണ്.

We use cookies to give you the best possible experience. Learn more