ഐ.എസ്.എല്‍ ഏഴാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കരയിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് മോഹന്‍ ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുക്കിക്കളഞ്ഞത്.
മഞ്ഞക്കടല്‍ ആര്‍ത്തിരമ്പിയ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ ചിരി ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ആറാം മിനിട്ടില്‍ ഇവാന്‍ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുമ്പിലെത്തിയിരുന്നു. സഹലിന്റെ അസിസ്റ്റിലൂടെ ഇവാന്‍ വലകുലുക്കിയപ്പോള്‍ മഞ്ഞപ്പട ആവേശത്തില്‍ അലയടിച്ചു.
എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. അടിക്ക് തിരിച്ചടിയെന്നോണം മോഹന്‍ ബഗാന്‍ ഗോളടിക്കാന്‍ ആരംഭിക്കുക്കയായിരുന്നു.
26ാം മിനിട്ടില്‍ ദിമിത്രി പെട്രറ്റസിന്റെ ഗോളിലൂടെ സമനില നേടിയ മോഹന്‍ ബഗാന്‍ 38ാം മിനിട്ടില്‍ ലീഡ് നേടി. ജോണി കൗകോയായിരുന്നു ഗോള്‍ നേടിയത്.
62ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ മൂന്നാം ഗോളും പിറന്നു. പെട്രറ്റസ് തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍. 81ാം മിനിട്ടില്‍ രാഹുല്‍ കെ.പിയിലൂടെ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
88ാം മിനിട്ടില്‍ ലെന്നി റോഡ്രിഗസ് മോഹന്‍ ബഗാന് വേണ്ടി വലകുലുക്കിയപ്പോള്‍ അധികസമയത്തിന്റെ രണ്ടാം മിനിട്ടില്‍ പ്രഭ്‌സുഖന്‍ ഗില്ലിനെ നിഷ്പ്രഭനാക്കി പെട്രറ്റസ് തന്റെ ഹാട്രിക്കും മോഹന്‍ ബഗാന്റെ വിജയവും പൂര്‍ത്തിയാക്കി.
ഷോട്‌സിലും ബോള്‍ പൊസഷനിലും പാസ് ആക്യുറസിയിലുമടക്കം കളിയുടെ സമസ്ത മേഖലയിലും മുന്നിട്ട് നിന്നെങ്കിലും വിജയം ബ്ലാസ്റ്റേഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിമാറി.
കളിച്ച രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് വീണു. രണ്ട് മത്സരത്തില്‍ നിന്നും ഒരോ ജയവും തോല്‍വിയുമായി മോഹന്‍ ബഗാന്‍ അഞ്ചാമതാണ്. മൂന്ന് പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്.
ഗോള്‍ ഡിഫറന്‍സ് കാരണമാണ് ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥനത്തേക്ക് വീണത്. എതിരാളികളുടെ വലയിലേക്ക് അഞ്ച് ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് അടിച്ചപ്പോള്‍ ആറെണ്ണം തിരിച്ചുവാങ്ങുകയായിരുന്നു.
ഒക്ടോബര്‍ 23നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കലിംഗ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്.സിയാണ് എതിരാളികള്‍.
Content Highlight: Kerala Blasters lost against ATK Mohun Bagan