ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ചെന്നൈ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ചെന്നൈ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയുമാണ് കേരളം പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 60ാം മിനിട്ടില്‍ ആകാശ് സങ്കവാനാണ് മത്സരത്തില്‍ ചെന്നൈക്കായി ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്നും കേരളത്തിന്റെ പ്രതിരോധത്തെ മറികടന്നുകൊണ്ട് താരം ഗോള്‍ നേടുകയായിരുന്നു.
81ാം മിനിട്ടില്‍ താരം അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് ചെന്നൈ കളിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ കേരളത്തിന് സാധിച്ചില്ല.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് കേരളം പരാജയപ്പെടുകയായിരുന്നു.
പോയിന്റ് ടേബിളില്‍ 15 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും രണ്ടു സമനിലയും അഞ്ചു തോല്‍വിയും അടക്കം 26 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം. അതേസമയം ജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് സമനിലയും ഏഴ് തോല്‍വിയും അടക്കം 15 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ചെന്നൈ.