|

ലാസ്റ്റ് മിനിട്ട് ത്രില്ലര്‍, വീണ്ടും പൊരുതി വീണ് ബ്ലാസ്റ്റേഴ്‌സ്; മോഹന്‍ ബഗാന്‌ മനോഹര വിജയം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി മോഹന്‍ ബഗാന്‍. സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ വിജയിച്ചുകയറിയത്.

തുടര്‍ തോല്‍വികളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് വിജയം മാത്രം ലക്ഷ്യം വെച്ച് ഇറങ്ങിയിട്ടും പിഴയ്ക്കുകയായിരുന്നു.

മത്സരത്തില്‍ മോഹന്‍ ബഗാന്റെ ജാമീ മക്ലരന്‍ 33ാം മിനിട്ടില്‍ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചപ്പോള്‍ 51ാം മിനിട്ടില്‍ ജീസസ് ജമിനിസിലൂടെ കേരളം തിരിച്ചടിക്കുകയായിരുന്നു. ശേഷം മിലോസ് ഡ്രിന്‍ചിച് 77ാം മിനിട്ടില്‍ നേടിയ ഗോളില്‍ കേരളം ലീഡ് ഉയര്‍ത്തിയെങ്കിലും 86ാം മിനിട്ടില്‍ ജേസണ്‍ കമ്മിന്‍സ് സമനില പിടിച്ചു.

അവസാന ഘട്ടം മുറുകിയ മത്സരത്തില്‍ എക്ട്രാ ടൈമിലെ 95ാം മിനിട്ടില്‍ ആല്‍ബട്ടോ റോഡ്രിഗസ് സൂപ്പര്‍ ഗോള്‍ നേടി മോഹന്‍ ബഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു. ലാസ്റ്റ് മിനിട്ട് ത്രില്ലര്‍ ഗേമില്‍ കേരളത്തിന്റെ ഒരു ഗോള്‍ പ്രതീക്ഷിച്ചെങ്കിലും ആരാധകര്‍ക്ക് വീണ്ടും നിരാശ മാത്രമാണ് ബാക്കിയായത്.

പരാജയപ്പെട്ടെങ്കിലും മിന്നും പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ഇരുവരും തുല്യമായ ആക്രമണ സ്വഭാവത്തിലായിരുന്നു കളിച്ചത്. ഇരുവരും 15 ഷോട്ടുകള്‍ വീതമാണ് ഗോള്‍ വലയിലേക്ക് ലക്ഷ്യം വെച്ചത്. അതില്‍ എട്ട് ഷോട്ടുകളാണ് കേരളം ടാര്‍ഗറ്റിലേക്ക് ഉന്നം വെച്ചത്. എന്നാല്‍ മോഹന്‍ ബഗാന് ഏഴ് ഷൂട്ട് ഓണ്‍ ടാര്‍ഗറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പാസിന്റെ കാര്യത്തിലും പന്ത് കൈവശംവെക്കുന്നതിലും കേരളം അല്‍പ്പം പുറകിലായിരുന്നു. നിലവില്‍ ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമടക്കം 11 പോയിന്റാണ് കേരളത്തിനുള്ളത്.

Content Highlight: Kerala Blasters Lose Against Mohan Bahan