ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു; പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്!
Sports News
ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു; പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th November 2024, 10:05 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഗോവയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. 40ാം മിനിട്ടില്‍ ഗോവയുടെ ബോറിസ് സിങ് തഗ്ജം നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ മത്സരത്തില്‍ കേരളം ചെന്നൈയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഹോം ഗ്രൗണ്ടില്‍ ഗോവയ്‌ക്കെതിരെ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയപ്പോള്‍ സമ്മര്‍ദത്തിന്റെ പിടിയിലാവുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇരു കൂട്ടരും നടത്തിയത് മികച്ച ശക്തി പ്രകടനം ആയിരുന്നു.

16 ഷോട്ടുകളാണ് കേരളം ഗോവയ്‌ക്കെതിരെ ഉന്നംവച്ചത്. ഗോവ 14 ഷോട്ടുകളും തിരിച്ചടിച്ചിരുന്നു. എന്നാല്‍ ടാര്‍ഗറ്റിലേക്ക് കേരളം ലക്ഷ്യം വെച്ചത് രണ്ടു ഷോട്ട് മാത്രമായിരുന്നു. എന്നാല്‍ ഗോവ അഞ്ച് ഷോട്ടുകളാണ് കേരള പോസ്റ്റിലേക്ക് ശ്രമിച്ചത്. പാസിന്റെ കാര്യത്തില്‍ കേരളം മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധ വലയം സൃഷ്ടിക്കാന്‍ ഗോവയ്ക്ക് കഴിഞ്ഞു.

11 ഫൗളുകളാണ് കേരളം നടത്തിയത്. എന്നാല്‍ ഒമ്പത് ഫൗളുകള്‍ ഗോവയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കേരളത്തിനു മൂന്ന് യെല്ലോ കാര്‍ഡും ഗോവയ്ക്ക് രണ്ട് യെല്ലോ കാര്‍ഡും ലഭിച്ചു. നാലു കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കേരളത്തിന് സാധിക്കാതെ വന്നപ്പോള്‍ ഗോവയ്ക്ക് രണ്ട് കോര്‍ണര്‍ ലഭിച്ചു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മത്സരത്തില്‍ നിന്നും ആറ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 20 പോയിന്റാണ് ടീമിന്. വിജയത്തോടെ അഞ്ചാം സ്ഥാനത്ത് 15 പോയിന്റുമായി മുന്നേറാന്‍ ഗോവക്കും സാധിച്ചു.

എന്നാല്‍ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് കേരളം. കേരളത്തിന്റെ അടുത്ത മത്സരം ഡിസംബംര്‍ ഏഴിന് ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരെയാണ്.

 

Content Highlight: Kerala Blasters Lose Against F.C Goa