| Thursday, 4th April 2024, 8:40 am

തോറ്റാല്‍ എന്താ പ്ലെയ് ഓഫ് ഉറപ്പിച്ചു; സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗാളിനോട് തോറ്റു

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം ഹോം ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തലകുനിച്ച് കേരളം. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ കേരളത്തിന് വേണ്ടി ഇരുപത്തിമൂന്നാം മിനുട്ടില്‍ ഫെഡറല്‍ സെമിച് ബംഗാളിന്റെ വല കുലുക്കി മികച്ച തുടക്കം നല്‍കി. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ബംഗാളിന് വേണ്ടി ആദ്യ പകുതിക്ക് മുമ്പുള്ള എക്‌സ്ട്രാ ടൈമില്‍ സോള്‍ ക്രസ്‌പോ തിരിച്ചടിച്ചു. എന്നാല്‍ 71ാം മിനിട്ടില്‍ സോള്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു.

ആവേശകരമായ രണ്ടാം പകുതിയില്‍ 84ാം മിനിറ്റില്‍ ബംഗാളിന്റെ ഹിജാസി മഹര്‍ സ്വന്തം പോസ്റ്റിലേക്ക് ഒരു ഓണ്‍ ഗോള്‍ വഴങ്ങിയപ്പോള്‍ കേരളം സമനില പിടിച്ചു. എന്നാല്‍ അധികം വൈകാതെ കിടിലന്‍ സ്‌ട്രൈക്കില്‍ നോറെന്‍ മഹേഷ് സിങ് 82ാം മിനിട്ടിലും 87ാം മിനിട്ടിലും തകര്‍പ്പന്‍ ഗോള് നേടി കേരളത്തിനെതിരെ 2 ഗോള്‍ ലീഡ് നേടി.

സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങിയതിന് മറ്റൊരു കാരണം കേരളം വാങ്ങിക്കൂട്ടിയ ചുവപ്പ് കാര്‍ഡ് തന്നെയാണ്. 45ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ് ചുവപ്പ് നേടിയപ്പോള്‍ നോചാ സിങ് 74ാം മിനിറ്റിലും പുറത്തായി. മിഡ്ഫീല്‍ഡില്‍ ജീക്‌സണ്‍ സിങ് ആദ്യം പുറത്തായപ്പോള്‍ ഡിഫന്‍സില്‍ നോച സിങ്ങും പുറത്താവുകയായിരുന്നു. ഇതോടെ താളം തെറ്റിയ കേരള ലൈന്‍ അപ്പില്‍ അനായാസം ഇടിച്ചു കയറുകയായിരുന്നു എതിരാളികള്‍.

കേരളത്തിനെതിരെ 25 ഷോട്ടുകള്‍ ആണ് ബംഗാള്‍ പായിച്ചത് എന്നാല്‍ കേരളം വെറും 8 ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്. ടാര്‍ഗറ്റില്‍ ബംഗാള്‍ എട്ടെണ്ണം ലക്ഷ്യം വെച്ചപ്പോള്‍ കേരളത്തിന് നാലെണ്ണം മാത്രമാണ് ചെയ്യാന്‍ സാധിച്ചത്. ബംഗാള്‍ 61 ശതമാനം പൊസിഷന്‍ കീപ്പ് ചെയ്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 39 ശതമാനം മാത്രം കയ്യില്‍ വെച്ചു. 55 പാസ്സുകളാണ് ബംഗാള്‍ കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ ചെയ്തത്.

കേരളം രണ്ട് മഞ്ഞ കാര്‍ഡുകളും രണ്ട് ചുവന്ന കാര്‍ഡുകളും രണ്ട് ഓഫ് സൈഡുകളും കോര്‍ണറുകളും വഴങ്ങിയപ്പോള്‍ ബംഗാളിന് 5 കോര്‍ണറും ഒരു ഓഫ് സൈഡും മാത്രമാണ് ഉണ്ടായത്. ഐ.എസ്.എല്ലില്‍ പുതിയ നിയമപ്രകാരം ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് പ്ലെ ഓഫില്‍ കടക്കാന്‍ സാധിക്കും. ഇതോടെ 20 മത്സരങ്ങളില്‍ നിന്നും 9 വിജയവുമായി 30 പോയിന്റ് സ്വന്തമാക്കി കേരളം അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് 44 പോയിന്റോടെ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തുണ്ട്.

Content highlight: Kerala Blasters Lose Against East Bengal

We use cookies to give you the best possible experience. Learn more