കഴിഞ്ഞ ദിവസം കൊച്ചിയല്‍ നടന്ന ഐ.എസ്.എല്ലിന്റ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ വിജയമാണ് നേടാനായത്. ഇരട്ട ഗോളുമായി ഇവാന്‍ കലിയൂഷ്നിയും തകര്‍പ്പന്‍ ഗോളില്‍ അഡ്രിയാന്‍ ലൂണയും തകര്‍ത്തുകളിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചുവിട്ടത്.
ബ്ലാസ്റ്റേഴ്സ് വിജയത്തിന് പിന്നാലെ ഉക്രൈന്‍ യുവതാരം ഇവാന്‍ കലിയൂഷ്നിയുടെ പ്രതീക്ഷിക്കാത്ത പ്രകടനം തന്നെയാണ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്.
ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ച തൊട്ടടുത്ത നിമിഷം തന്നെ ഇവാന്‍ കലിയൂഷ്നി ആരാണെന്ന് സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തിരഞ്ഞിരുന്നു. ഇപ്പോഴിതാ ഒറ്റ ദിവസം കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നാല്‍പതിനായിരത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇവാന്‍ കലിയൂഷ്നി.
കഴിഞ്ഞ ദിവസം കളി തുടങ്ങുമ്പോള്‍ 60,000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഇവാന്‍ കലിയൂഷ്നിയുടെ അക്കൗണ്ടിന് നിലവല്‍ 10,50,00 ഫോളോവേഴ്‌സുണ്ട്. ഇത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ പവറാണെന്നാണ് ആരാധക കൂട്ടയ്മായ മഞ്ഞപ്പടയുടെ ഗ്രൂപ്പില്‍ വന്ന ഒരു കമന്റ്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ മുന്നിലെത്തിയത്. പകരക്കാരനായി ഇറങ്ങിയാണ് ഇവാന്‍ കലുഷ്നി രണ്ട് ഗോളുകള്‍ നേടിയത്. ഇറങ്ങിയ ഉടനെ 82-ാം മിനിട്ടിലും പിന്നീട് 89-ാം മിനിട്ടിലുമാണ് കലിയൂഷ്നി ഗോള്‍ നേടിയത്.
വാസ്‌ക്വിസും ഡയസും ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ഇനിയെന്താവും എന്ന തോന്നല്‍ എല്ലാ ആരാധകരിലും വന്നിരുന്നു. ആ സ്ഥനത്തേക്കാണ് കലിയൂഷ്നി എന്ന 24 വയസുകാരന്‍ ടീമില്‍ ഇടം നേടുന്ന്.
കഴഞ്ഞ ദിവസത്തെ വെറും 20 മിനിട്ട് പ്രകടത്തോടെ കലിയൂഷ്നി ഇതിനോടകം ആരാധകരുടെ ഇഷ്ടനിരയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ആരുടെയൊക്കെ നെഞ്ചിലാണ് ഇവാന്റെ കാലില്‍ നിന്ന് വരുന്ന ഉണ്ടകള്‍ ഗോളുകളായി വീഴുന്നതെന്ന് കാത്തിരുന്ന് കാണണം എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.
വായ്പാ അടിസ്ഥാനത്തിലാണ് ഇവാന്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഉക്രൈനിലെ ഖാര്‍കിവ് ഒബ്ലാസ്റ്റിലെ സോളോകീവ് റായിയോണില്‍ 1998 ജനുവരി 21 നാണ് ഇവാന്റെ ജനനം. 2005 മുതല്‍ 2008 വരെ താരം ആഴ്സനലിനുവേണ്ടി കളിച്ചു. ശേഷം 2008 മുതല്‍ 2015 വരെ മെറ്റാലിസ്റ്റ് ഖാര്‍കിവിനുവേണ്ടിയും പന്തുതട്ടി.