'ഹ്യൂമേട്ടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും'; ഹ്യൂമിന്റെ ഹാട്രിക് ഒരാള്‍ക്കുള്ള എട്ടിന്റെ പണി കൂടിയായിരുന്നു; വെളിപ്പെടുത്തലുമായി സി.കെ വിനീത്
ISL
'ഹ്യൂമേട്ടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും'; ഹ്യൂമിന്റെ ഹാട്രിക് ഒരാള്‍ക്കുള്ള എട്ടിന്റെ പണി കൂടിയായിരുന്നു; വെളിപ്പെടുത്തലുമായി സി.കെ വിനീത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th January 2018, 1:29 pm

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ടീമിലെ തമാശക്കാരനാണ്. ടീമുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഹ്യൂമേട്ടന്റെ പണി കിട്ടാത്തവരായി അധികമാരുമുണ്ടാകില്ല ടീമില്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസിനെതിരെ ഹ്യൂം ഹാട്രിക് നേടിയപ്പോള്‍ അത് വെറും ഗോള്‍ നേട്ടം മാത്രമായിരുന്നില്ല ഒരാള്‍ക്കുള്ള എട്ടിന്റെ പണി കൂടിയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജര്‍ ആന്റണി തോമസുമായുള്ള ഒരു ബെറ്റിന്റെ വിജയമായിരുന്നു യഥാര്‍ത്ഥത്തില്‍ ആ ഹാട്രിക്. മത്സരത്തിന് മുമ്പ് ആന്റണി ഹ്യൂമിനെ ഹാട്രിക് അടിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. പറഞ്ഞതു പോലെ ഹാട്രിക് അടിച്ചാല്‍ തന്റെ താടി വടിക്കാമെന്നായിരുന്നു ബെറ്റ്.

ആന്റണിയുടെ വെല്ലുവിളി സ്വീകരിച്ച ഹ്യൂമേട്ടന്‍ മൂന്ന് വട്ടം ഡൈനാമോസിന്റെ വല നിറച്ചു. ഹ്യൂമിന്റെ ഹാട്രിക്കിന്റെ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഉജ്ജ്വല വിജയം സ്വന്തമാക്കുകയായിരുന്നു. മത്സര ശേഷം ആന്റണിയുടെ താടി ഹ്യൂം തന്നെ വടിക്കുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ സി.കെ വിനീതാണ് ബെറ്റിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഹ്യൂമും ആന്റണിയും ടീമിലെ മറ്റൊരു മലയാളിയായ റിനോയുമുള്ള ചിത്രമാണ് വിനീത് പോസ്റ്റ് ചെയ്തത്.