കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുക്കമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകനും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2021ല്‍ ആയിരുന്നു ഇവാന്‍ വുക്കമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
വുക്കമനോവിച്ചിന്റെ വരവിന് പിന്നാലെ കേരളത്തിന് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഒരുപിടി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് ഇവാന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാഴ്ചവെച്ചത്.
The Club bids goodbye to our Head Coach, Ivan Vukomanovic. We thank Ivan for his leadership and commitment and wish him the best in his journey ahead.
2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്നതുല്യമായ മുന്നേറ്റം ആയിരുന്നു ഇവാന്റെ കീഴില്‍ നടത്തിയിരുന്നത്. ആ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപിടി ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സീസണ്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സീസണ്‍ തുടങ്ങിയ ഒരുപിടി തകര്‍പ്പന്‍ നേട്ടങ്ങളാണ് വുക്കമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.
2014ല്‍ സ്റ്റീവ് കോപ്പലിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഇവാന് സാധിച്ചിരുന്നു. എന്നാല്‍ ആ സീസണില്‍ ഹൈദരാബാദ് എഫ്.സിയോട് പെനാല്‍ട്ടിയില്‍ 3-1ന് പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി.
ഈ സീസണില്‍ പരിക്കുകളും പ്രതിസന്ധികളും വില്ലനായി വന്നെങ്കിലും ടീമിനെ ക്വാളിഫയര്‍ വരെ എത്തിക്കാന്‍ ഇവാന് സാധിച്ചിരുന്നു. ക്വാളിഫയറിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്തായത്.
സീസണിന്റെ തുടക്കത്തില്‍ മിന്നും പ്രകടനമായിരുന്നു ഇവാന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ടൂര്‍ണമെന്റിന്റെ ആദ്യപകുതി അവസാനിച്ചപ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും അടക്കം 26 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
എന്നാല്‍ രണ്ടാം പകുതിയോടുകൂടി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികളുടെ താഴോട്ട് പോവുകയായിരുന്നു. പിന്നീടുള്ള പത്തു മത്സരങ്ങളില്‍ നിന്ന് ഏഴ് തോല്‍വിയും ഒരു സമനിലയും രണ്ട് വിജയവും ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയിരുന്നത്.
ടൂർണമെന്റിൽ നിന്നും പുറത്തായതിന് പിന്നാലെ ഇപ്പോൾ കോച്ച് കൂടി പടിയിറങ്ങിയത് ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.
Content Highlight: Kerala Blasters head coach Ivan Vukamanovic resigned from the coaching position