ഈ മൂന്ന് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ചീത്തപ്പേരുണ്ടാക്കുന്നത്; വിമർശനവുമായി ആരാധകർ
Football
ഈ മൂന്ന് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ചീത്തപ്പേരുണ്ടാക്കുന്നത്; വിമർശനവുമായി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th October 2022, 6:40 pm

ഐ.എസ്.എല്ലിലെ 2022 – 2023 സീസണിൽ മോശം പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്.

ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ ഒറ്റത്തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയം കണ്ടത്. ഫുട്ബോളിലെ കൊമ്പന്മാരായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ വിമർശനങ്ങളാണുയരുന്നത്.

കഴിഞ്ഞ ദിവസം ഒഡിഷ എഫ്.സിക്കെതിരെ നടന്ന മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയതോടെ കനത്ത പ്രതിഷേധമുയരുകയായിരുന്നു.

ടീമിൽ അടിമുടി മാറ്റം വരുത്തിയാൽ മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കൊരു മുന്നേറ്റമുണ്ടാകൂ എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോച്ച് ഇവാൻ വുകോമനോവിച്ച് ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.

കളിയുടെ സ്വഭാവം ഇതുപോലെ തന്നെ തുടരുമെന്നും യാതൊരു വിധ മാറ്റവും വരുത്താൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

മൂന്ന് താരങ്ങളുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ശ്രദ്ധിക്കേണ്ടതെന്നാണ് വിമർശകർ വിലയിരുത്തിയത്

പ്രധാന പ്രശ്നം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടീമിന്റെ ​ഗോളിയായ പ്രഭ്‌സുഖൻ സിങ് ഗില്ലിന് ഈസ്റ്റ് ബംഗാൾ ക്ലബ്ബിന് എതിരായ ആദ്യ മത്സരത്തിൽ തന്നെ പിഴവുകൾ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സ്‌ട്രൈക്കർമാരായ ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്‌തൊലസ് ജിയാനു, മധ്യനിരക്കാരൻ ഇവാൻ കലിയൂഷ്‌നി, പ്രതിരോധ നിര താരം വിക്ടർ മോംഗിൽ എന്നിങ്ങനെ നാല് വിദേശ താരങ്ങളെയാണ് 2022 – 2023 സീസണിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഇറക്കുമതി ചെയ്തത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ദിമിത്രിയോസ് ഡയമാന്റകോസിനും അപ്പൊസ്‌തൊലസ് ജിയാനുവിനും ഗോൾ നേടാൻ സാധിച്ചില്ല.

നിലവിൽ ഇരുവരും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ ബാധ്യതയായി മാറിയിരിക്കുകയാണെന്നും വിമർശനങ്ങളുണ്ട്.

അതേസമയം എ.ടി.കെ മോഹൻ ബഗാനെതിരായ മത്സരത്തെ അപേക്ഷിച്ച് ഒഡീഷ എഫ്.സിയുമായി നടന്ന ഏറ്റുമുട്ടലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഭേദപ്പെട്ടതായിരുന്നു. റൂയിവ ഹോർമിപാം, മാർക്കൊ ലെസ്‌കോവിച്ച് എന്നീ സെന്റർ ഡിഫെൻഡർമാർ മികച്ച ക്ലിയറിങ്ങുകൾ നടത്തി.

Content Highlights: Kerala blasters get criticized by their three players