[] തിരുവനന്തപുരം: കായിക കേരളത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് സൂപ്പര്‍ ഫുട്‌ബോള്‍ ലീഗിലെ കൊച്ചി ആസ്ഥാനമായുള്ള കേരള ടീമിന്റെ പേര് പ്രഖ്യാപിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് എന്നായിരിക്കും ടീമിന്റെ പേര്.
തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചത്. “മാസ്റ്റര്‍ ബ്ലാസ്റ്റര്‍” എന്ന തന്റെ വിളിപ്പേരുമായി ബന്ധപ്പെട്ടാണ് ഈ പേരെന്നും സച്ചിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ക്രിക്കറ്റ് ഇതിഹാസം രാവിലെ എത്തിയതു മുതല്‍ തന്നെ വന്‍ ആരാധക വൃന്ദമാണ് പിന്തുടരുന്നത്. എയര്‍പോര്‍ട്ടിലും ഹോട്ടലിനു പുറത്തുമെല്ലാം ആരാധകര്‍ തടിച്ചു കൂടിയ ആരാധകര്‍ ആഹ്ലാദ ലഹരിയിലാണ്. വലിയ മാധ്യമപ്പടയും സച്ചിനെ പിന്തുടരുന്നുണ്ട്.
കേരളത്തിന്റെ ആവേശം കണ്ട് തന്റെ മനം നിറഞ്ഞെന്നും തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു. എണ്‍പതുകളില്‍ കേരള താരങ്ങള്‍ ദേശീയ ടീമില്‍ നിറസാന്നിദ്ധ്യമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമില്‍ ഒരൊറ്റ മലയാളി താരം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുഡ്‌വില്‍ അമ്പാസഡര്‍
ഈ വരുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഗുഡ്‌വില്‍ അമ്പാസഡറാകാനുള്ള സംസഥാനത്തിന്റെ ക്ഷണവും സച്ചിന്‍ സ്വീകരിച്ചു. പുതിയ ക്ലബ്ബിന്റെ കീഴില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയുണ്ടെന്ന് സച്ചിന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിന്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തി പ്രതിപ നേതാവ് വി.എസ് അച്യുതാനന്ദനെയും കണ്ടു.