| Friday, 10th March 2023, 4:44 pm

ഇവാനെ ബലിയാടാക്കാന്‍ സമ്മതിക്കില്ല; മുന്നറിയിപ്പ് നല്‍കി മഞ്ഞപ്പട; കട്ടസപ്പോര്‍ട്ടുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് മത്സരത്തില്‍ ബെംഗളൂരു എഫ്.സിയുടെ വിവാദ ഗോളിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവാന്‍ ബലിയാടാകാന്‍ സാധ്യതയുണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇവാന് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് മഞ്ഞപ്പട. വിവാദ വിഷയത്തില്‍ ശക്തമായ പ്രതികരണം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്‍സറ്റഗ്രാമില്‍ ദൈര്‍ഘ്യമുള്ള സ്റ്റേറ്റ്‌മെന്റ് പങ്കുവെച്ചിരുന്നു.

വിഷയത്തില്‍ ഇവാന്‍ എടുത്ത തീരുമാനം കേവലം അന്ന് നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ലെന്നും കാലങ്ങളായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

റഫറിമാരുടെ നിലവാരം ഉയര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും ആരാധകരും ക്ലബുകളുമെല്ലാം ആവശ്യത്തില്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞെന്നും പോസ്റ്റിലുണ്ട്.

‘വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. മുന്‍പോട്ട് പോവുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോഴും ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ഞങ്ങള്‍ പൂര്‍ണമായും കോച്ചിനെ പിന്തുണയ്ക്കുന്നു, തിരികെ കേരളത്തിലെത്തിയ അദ്ദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഐ.എസ്.എല്ലിലെ ഏറ്റവും പ്രൊഫഷണല്‍ കോച്ചുമാരില്‍ ഒരാളായ ഇവാന്‍ എടുത്ത തീരുമാനം കേവലം അന്ന് നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് കാലങ്ങളായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.

റഫറി ക്രിസ്റ്റല്‍ ആ സന്ദര്‍ഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ സംഭവം അന്വേഷിച്ച എ.ഐ.എഫ്.എഫ് (AIFF) കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഏക ഫുട്‌ബോളര്‍ക്ക് ഗോള്‍ നിലനില്‍ക്കില്ല എന്ന് തോന്നിയത്, മറ്റ് നാലുപേര്‍ക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐഎസ്എല്ലിലെ ടീമുകള്‍ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകള്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകള്‍ക്ക് അറുതിവരുത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ക്ലബിന് വേണ്ടിയാണ് ഇവാന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്. ആയതിനാല്‍ അദ്ദേഹം തന്നെ ക്ലബിന്റെ അമരത്ത് തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദേഹത്തോടൊപ്പം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം അദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും ഞങ്ങള്‍ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല എന്നും അറിയിക്കുന്നു.

റഫറിമാരുടെ നിലവാരം ഉയര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബുകളുമെല്ലാം ആവശ്യത്തില്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തില്‍ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു,’ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

Content Highlights: Kerala Blasters fans support Ivan Vukomanovic

We use cookies to give you the best possible experience. Learn more