| Sunday, 20th February 2022, 9:40 pm

സെക്‌സിസ്റ്റ് പരാമര്‍ശം; ജിംഖാന്റെ ഭീമന്‍ ബ്ലാസ്‌റ്റേഴ്‌സ് ടിഫോ കത്തിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ സമനില നേടിയതിന് പിന്നാലെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും എ.ടി.കെ മോഹന്‍ ബഗാന്‍ പ്രതിരോധഭടനുമായ സന്ദേശ് ജിംഖാന്‍ നടത്തിയ പരാമര്‍ശം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലെയാണ് തോന്നിയതെന്നായിരുന്നു ജിംഖാന്‍ മത്സരശേഷം പറഞ്ഞത്. ജിംഖാന്റെ ഈ പരാമര്‍ശത്തില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജിംഖാന്റെ പരാമര്‍ശത്തോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുയാണ് ഒരു കൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. താരം കെ.ബി.എഫ്.സിയില്‍ കളിക്കുന്ന സമയത്ത് താരത്തിനായി ഉണ്ടാക്കിയിരുന്ന ടിഫോ കത്തിച്ചാച്ചാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നത്.

ടീം മാറി പോയെങ്കിലും ജിംഖനോട് മനസില്‍ ഒരിഷ്ടമുണ്ടായിരുന്നുവെന്നും ഇതുകൊണ്ടാണ് ടിഫോ സൂക്ഷിച്ചുവച്ചെതെന്നും, എന്നാല്‍ ഈ പരാമര്‍ശം പൊറുക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ ടിഫോ കത്തിച്ചത്.

ഇതിന്റെ വീഡിയോ മഞ്ഞപ്പട പങ്കുവെച്ചിട്ടുണ്ട്.

‘മഞ്ഞക്കുപ്പായത്തെ വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോളും ഒരിത്തിരിയിഷ്ടം ബാക്കി വെച്ചിരുന്നു..! കളിക്കളത്തിലെ ഓരോ ചലനങ്ങള്‍ക്കും ആര്‍ത്തുവിളിച്ചു ഓരോ ആരാധകനും ഉള്ളൊന്നു നൊന്തെങ്കിലും വെറുത്തിരുന്നില്ല..!

സ്ത്രീയേക്കാള്‍ വലിയ പോരാളിയില്ല..! ക്ലബിനെക്കാള്‍ വളര്‍ന്ന കളിക്കാരനും.. വിട…ജിംഖാന്‍!,’ എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി ജിംഖാന്‍ രംഗത്തെത്തിയിരുന്നു.

അരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ വേദന മൂലമാണ് അതുപറയേണ്ടി വന്നതെന്നെന്നാണ് ജിംഖാന്‍ പറഞ്ഞത്.

‘എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. കളിക്ക് ശേഷം സഹതാരങ്ങളോട് പറഞ്ഞതാണത്.

കളി ജയിക്കാന്‍ കഴിയാത്ത നിരാശയില്‍ നിന്നുണ്ടായ വാക്കുകളാണത്. ഒരു പോയിന്റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു. ആ സമയത്തെ ചൂടില്‍ ഒരുപാട് കാര്യങ്ങള്‍ പറയും. സാഹചര്യങ്ങളില്‍നിന്ന് അതിനെ അടര്‍ത്തിയെടുക്കുന്നത് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ്,’ ജിംഖാന്‍ ട്വീറ്റ് ചെയ്തു.

Content Highlight: Kerala Blasters Fans Burn tifo of Sandesh Jinghan
We use cookies to give you the best possible experience. Learn more