ബംഗളൂരു: ഐ.എസ്.എല്ലിന്റെ നാലാം പൂരത്തിന് കൊടിയേറുന്നതേയുള്ളൂ. പക്ഷെ പുതിയ ഡര്‍ബികളും ഫാന്‍ ഫൈറ്റുമൊക്കെ തുടങ്ങി കഴിഞ്ഞു. ഐ.എസ്.എല്ലിന്റെ നാലാം പൂരത്തിലെ പ്രധാന പോര് കേരളാ ബ്ലാസ്‌റ്റേഴ്‌സും പുതുമുഖങ്ങളായ ബംഗളൂരു എഫ്.സിയും തമ്മിലാണ്. നാളുകളായി ഇരുടീമുകളുടേയും ആരാധകര്‍ തമ്മില്‍ അടിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഗ്യാലറി വരെ വെല്ലുവിളികളും വാക്ക് പോരും എത്തി നില്‍ക്കുകയാണ്.
ഇപ്പോഴിതാ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മനപ്പൂര്‍വ്വം തടഞ്ഞുവെക്കുന്നു എന്നാണ് മഞ്ഞപ്പടയുടെ ആരോപണം. ബംഗളൂരു ടീമിന്റെ ആരാധകക്കൂട്ടമാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്. മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും മുഖാമുഖം വരുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നതായാണ് ആരോപണം.
ബംഗളൂരുവിന്റെ ആരാധകര്‍ ഗ്യാലറിയിലെ വെസ്റ്റ് ബ്ലോക്കില്‍ ഇടം പിടിക്കുമ്പോള്‍ എതിര്‍ടീമിന്റെ ആരാധകരുടെ സ്ഥാനം ഈസ്റ്റ് അപ്പര്‍ സ്റ്റാന്‍ഡിലായിരിക്കും. ഇവിടേക്കുള്ള ടിക്കറ്റുകളാണ് തടഞ്ഞുവെച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതോടെ മഞ്ഞപ്പടയ്ക്ക് തങ്ങളുടെ കരുത്ത് പുറത്തെടുക്കാനോ ടീമിനെ പിന്തുണയ്ക്കാനോ കഴിയാതെ വരും.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒക്യുപ്പൈ വെസ്റ്റ് ബ്ലോക്ക് എന്ന ഹാഷ് ടാംഗ് ക്യാമ്പയിന് മഞ്ഞപ്പട തുടക്കം കുറിച്ചിട്ടുണ്ട്. ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഡീവര സ്‌റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്ക് പിടിച്ചെടുക്കാനാണ് മഞ്ഞപ്പടയുടെ ആഹ്വാനം. ടിക്കറ്റ് വില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്റ്റേഡിയം പിടിച്ചെടുക്കുമെന്ന് മഞ്ഞപ്പട ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്.
Also Read: ഐശ്വര്യയ്‌ക്കെന്താ പേര്‍ഷ്യയില്‍ കാര്യം; സോഷ്യല്‍മീഡിയയെ വട്ടംകറക്കി ചിത്രങ്ങള്‍
ഇന്ത്യയുടെ ദേശീയ ലീഗായ ഐ.ലീഗില്‍ നിന്നും ഐ.എസ്.എല്ലിലേക്ക് പ്രൊമോഷന്‍ ലഭിച്ച രണ്ട് ടീമുകളിലൊന്നാണ് ബംഗളൂരു എഫ്.സി. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബെന്ന് വിളിക്കപ്പെടുന്ന ബംഗളൂരു എഫ്.സിയുടെ ഏറ്റവും വലിയ കരുത്താണ് അവരുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്. അതേ അവസ്ഥ തന്നെയാണ് മഞ്ഞപ്പടയുടേതും. ഐ.എസ്.എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിന്റെയെല്ലാം കരുത്ത് മഞ്ഞപ്പട പകരുന്ന ആവേശമാണ്.
മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തമായി എവേ മത്സരങ്ങള്‍ക്കും മഞ്ഞപ്പട ഗ്യാലറിയിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതാണ് ഈസ്റ്റ് അപ്പര്‍ ബ്ലോക്കിലെ ടിക്കറ്റുകള്‍ തടഞ്ഞുവെക്കാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്ന ബുക്ക് മൈ ഷോയുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരായ മത്സരത്തിനുള്ള ഈസ്റ്റ് അപ്പര്‍ ബ്ലോക്കിലെ ടിക്കറ്റുകള്‍ ഒന്നും തന്നെ വില്‍ക്കുന്നില്ലെന്ന് കാണാം. അതേസമയം, മുംബൈ സിറ്റി എഫ്.സിയ്‌ക്കെതിരായ മത്സരത്തിന് ടിക്കറ്റുകള്‍ ലഭ്യമാണ്.
എന്നാല്‍ ചില ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍മാര്‍ക്കായി മാറ്റിവെക്കുമെന്നാണ് ഇതിനെ കുറിച്ച് ബംഗളൂരു എഫ്.സി അധികൃതര്‍ നല്‍ക്കുന്ന വിശദീകരണം. ബംഗളൂരുവിന്റെ ഈ നീക്കത്തിനെതിരെ മഞ്ഞപ്പട എങ്ങനെ തിരിച്ചടിക്കും എന്നറിയാനാണ് കായികലോകം കാത്തിരിക്കുന്നത്.