ഇത് ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡോ ബാഴ്‌സയുടെ ക്യാമ്പ് നൗവോ അല്ല, ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം കൊച്ചി
ഫുട്‌ബോളിനെ എന്നും മനോഹരമാക്കുന്നത് ടീമിന്റെ ആരാധകര്‍ തന്നെയാണ്. സ്വന്തം ടീമിന് വേണ്ടി ചങ്ക് പറിച്ചുകൊടുത്ത് കട്ടക്ക് നില്‍ക്കുകയും ഓരോ മത്സരത്തിലും സ്‌റ്റേഡിയത്തില്‍ ടീമിന് ഊര്‍ജ്ജവും ആവേശവുമാകുന്ന ആരാധകര്‍ ഫുട്‌ബോള്‍ ലോകത്ത് ഒരിക്കല്‍ പോലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്തവരാണ്.
ലോകത്തിലെ ഏറ്റവും ചെറിയ ക്ലബ്ബിന് പോലും കട്ടക്ക് സപ്പോര്‍ട്ടുമായി നില്‍ക്കുന്ന ആരാധകരുണ്ടാകും. പല വമ്പന്‍ ക്ലബ്ബുകളുടെയും ആരാധക കൂട്ടങ്ങള്‍ ക്ലബ്ബിനോളം പ്രശസ്തിയാര്‍ജ്ജിച്ചവരാകും.
ബുണ്ടസ് ലീഗയിലെ സൂപ്പര്‍ ടീമായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ യെല്ലോ വാളും അയാക്‌സിന്റെ സൂപ്പര്‍ ജ്യൂ എന്നറിയപ്പെടുന്ന ആരാധക വൃന്ദവും ഇതിന് ഉദാഹരണം മാത്രമാണ്. ബൊറൂസിയയുടെ ഹോം മത്സരങ്ങളില്‍ ഉയരുന്ന ടിഫോകളും അയാക്‌സിന്റെ ഓരോ മത്സരത്തിലും സ്‌റ്റേഡിയത്തില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന 90 Minuten Lang എന്ന ഫേയ്മസ് ചാന്റുകളും ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും ഹരം കൊള്ളിക്കാന്‍ പോന്നതാണ്. അവര്‍ സ്‌റ്റേഡിയത്തിലുണ്ടാക്കുന്ന ആ പോസിറ്റീവ് എനര്‍ജി ഒന്നുമാത്രം മതി ടീമിന് വിജയിക്കാന്‍.
ലോകത്തിലെ മുന്‍നിര ക്ലബ്ബുകളോടൊപ്പം തന്നെ കിടപിടിക്കാന്‍ പോന്ന ആരാധകവൃന്ദമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മഞ്ഞപ്പട. ഐ.എസ്.എല്‍ ആരംഭിച്ച് ഇതുവരെയ്ക്കും ഒരു സീസണില്‍ പോലും കിരീടം നേടാന്‍ സാധിക്കാതിരുന്നിട്ട് പോലും അവര്‍ തങ്ങളുടെ സ്വന്തം ടീമിനായി ചങ്കുപറിച്ച് കൂടെ നില്‍ക്കുന്നു. ടീമിന്റെ ഓരോ മത്സരങ്ങളും ആവേശത്തിലാഴ്ത്തുന്നു. സ്‌റ്റേഡിയത്തില്‍ ഒന്നടങ്കം പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും കൊച്ചിയില്‍ മഞ്ഞപ്പട ടീമിനായി തങ്ങളുടെ ഫുള്‍ സപ്പോര്‍ട്ടുമായി കൊച്ചിയിലെത്തിയിരുന്നു. ‘റ്റു ദ ലാന്‍ഡ് ഓഫ് ഫുട്‌ബോള്‍’ എന്ന തങ്ങളുടെ സ്വന്തം ചാന്റുമായി കലൂര്‍ അവര്‍ കീഴടക്കിയിരുന്നു.
മത്സരത്തിന് മുമ്പ് തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ സഞ്ജുവിനായി ഹര്‍ഷാരവം മുഴക്കിയത് ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൗഡ് പോപ്പുകളിലൊന്നായിരുന്നു.
മലയാളികള്‍ മാത്രമല്ല, വിദേശികള്‍ പോലും സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ മഞ്ഞപ്പടയിലൊരാളായി മാറുന്നു. ബ്ലാസ്റ്റേഴ്‌സിനായി ആര്‍പ്പുവിളിച്ചും ആരവമുയര്‍ത്തിയും അവര്‍ വുകോമനൊവിച്ചിന്റെ കൊമ്പന്‍മാരെ നിറഞ്ഞ് പിന്തുണക്കുന്നു. ഐ.എസ്.എല്ലിലെ മറ്റേതെങ്കിലും ടീമിന് ഇത്രത്തോളം മികച്ച ആരാധകരുണ്ടോ എന്ന കാര്യവും സംശയമാണ്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ തങ്ങളെ തോല്‍പിച്ച അതേ ഹൈദരാബാദിനോട് തന്നെയായിരുന്നു ബ്ലാസറ്റേഴ്‌സ് ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ വിജയം.
എന്നാല്‍ ഈ തോല്‍വിയിലും മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കലും കൈവിടില്ല എന്ന കാര്യമുറപ്പാണ്. അടുത്ത മത്സരത്തില്‍ അവര്‍ ബ്ലാസ്റ്റേഴ്‌സിനായി സ്റ്റേഡിയത്തിലെത്തും, വിജയത്തിലും തോല്‍വിയിലും അവര്‍ ഒപ്പം നില്‍ക്കും, കാരണം ഇത് ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പടയുമാണെന്നതുതന്നെ.
നോക്ക് ഔട്ട് ഘട്ടത്തില്‍ ബെംഗളൂരു എഫ്.സിയോടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ ഹോം സ്‌റ്റേഡിയമായ ശ്രീ കണ്ഠീരവയിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ കവച്ചുവെക്കുന്ന രീതിയില്‍ മഞ്ഞപ്പട കണ്ഠീരവയെ മറ്റൊരു കലൂരാക്കുമെന്ന കാര്യവും ഉറപ്പാണ്.
Content Highlight: Kerala Blaster Fans