കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. കരാര്‍ പ്രകാരം 2021 വരെ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി തുടരും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഈ സീസണില്‍ റെനെയെ പുറത്താക്കിയപ്പോള്‍ പകരക്കാരനായി എത്തിയ ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ താല്പര്യം ഉണ്ടെന്നു നേരത്തെ തന്നെ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയതായിരുന്നു.
“കരാര്‍ പുതുക്കുന്നതിലും ഇന്ത്യയില്‍ ഏറ്റവും കൂടുത ആരാധകരുള്ള ക്ലബിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിലും സന്തോഷമുണ്ട്. നല്ലൊരു ടീമിനെ പടുത്തുയര്‍ത്തുകയും എ എഫ് സി കപ്പിലേക്ക് യോഗ്യത നേടലുമാണ് പ്രഥമ ലക്ഷ്യം” ഡേവിഡ് ജെയിംസ് പറഞ്ഞു.
ജെയിംസ് മാത്രമല്ല അസിസ്റ്റന്റ് കോച്ച് ഹെര്‍മം ഹ്രൈഡാര്‍സണും ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ പുതുക്കി. ഡേവിഡ് ജെയിംസുമായി കരാര്‍ പുതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡേവിഡ് ജെയിംസ് ടീമിന് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ പറഞ്ഞു.