| Wednesday, 10th January 2024, 8:02 pm

2024ലെ ആദ്യ ജയം, സൂപ്പര്‍ കപ്പിലെയും; ഡോമിനേഷന്റെ ബ്ലാസ്റ്റേഴ്‌സ് മോഡല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കലിംഗ പിച്ച് വണ്ണില്‍ നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ജയം ഗംഭീരമാക്കിയത്.

പെപ്പെയുടെ ഇരട്ട ഗോളും ഐമന്റെ ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് 2024 കലണ്ടര്‍ ഇയറിലെ ആദ്യ ജയം സമ്മാനിച്ചത്. റെനാന്‍ പൊളീന്യോയാണ് ലജോങ്ങിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

കരുത്തരായ നിരയെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയത്. കോച്ചിന്റെ നിര്‍ദേശത്തിനനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് കൊമ്പുകുലുക്കിയപ്പോള്‍ 15ാം മിനിട്ടില്‍ തന്നെ എതിരാളികളുടെ വലയും കുലുങ്ങി. ബ്ലാസ്‌റ്റേഴ്‌സിനായി പെപ്രെയുടെ തകര്‍പ്പന്‍ ഗോള്‍.

ദിമിത്രിയോസ് നല്‍കിയ മികച്ച പാസില്‍ നിന്നായിരുന്നു പെപ്രയുടെ ഫിനിഷ്. ആദ്യ ഗോള്‍ വീണ് 12ാം മിനിട്ടില്‍ പെപ്ര ഒരിക്കല്‍ക്കൂടി ഷില്ലോങ് ലജോങ്ങിനെ ഞെട്ടിച്ചു. ഇത്തവണ പ്രബീര്‍ ദാസിന്റെ ക്രോസ് ലക്ഷ്യത്തിലെത്തിച്ചാണ് താരം ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഇരട്ടിയാക്കിയത്.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ കേരളത്തിന് ഗോള്‍ വഴങ്ങേണ്ടി വന്നു. ഷില്ലോങ് താരം സച്ചിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഫെനാന്‍ പൗളീന്യോ പിഴവേതും കൂടാതെ വലയിലാക്കി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയില്‍ ലീഡ് കൈപ്പിടിയിലൊതുക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ചു. മത്സരത്തിന്റെ 46ാം മിനിട്ടില്‍ ഐമനാണ് ഗോള്‍ സ്വന്തമാക്കിയത്.

തുടര്‍ന്ന് ഇരു ടീമുകളും ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍വല ചലിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ രണ്ട് ഗോളിന്റെ ലീഡില്‍ സൂപ്പര്‍ കപ്പിലെയും 2024ലെയും ആദ്യ വിജയം സ്വന്തമാക്കി.

സൂപ്പര്‍ കപ്പില്‍ ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ജനുവരി 15ന് നടക്കുന്ന മത്സരത്തിന് കലിംഗ സ്റ്റേഡിയമാണ് വേദിയാകുന്നത്.

Content highlight: Kerala Blasters defeated Shillog Lagong in Super Cup

We use cookies to give you the best possible experience. Learn more