ഡ്യൂറന്‍ഡ് കപ്പില്‍ മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി പെപ്രയും നോഹയും ഹാട്രിക് ഗോള്‍ നേടി മിന്നും പ്രകടനമാണ് കളത്തില്‍ കാഴ്ചവച്ചത്. ഇഷാന്‍ പണ്ഡിത് ഇരട്ട ഗോളും നേടി.
സെലിബ്രേഷനില്‍ കേരള താരങ്ങള്‍ വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി തങ്ങളുടെ വിജയം സമര്‍പ്പിച്ച് ആകാശത്തേക്ക് കൈ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു.
പുതിയ പരിശീലകന്‍ മൈക്കില്‍ സ്റ്റാറയുടെ കീഴില്‍ നടന്ന ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ വിജയം നേടി അമ്പരപ്പിച്ചിരിക്കുകയാണ് കേരളം. ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരളം മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. പിന്നീടങ്ങോട്ട് മുംബൈ സിറ്റിക്കെതിരെ സമ്പൂര്‍ണ ആധിപത്യമാണ് കേരളം കാഴ്ചവച്ചത്.
തുടക്കത്തില്‍ ആക്രമിച്ചു കളിച്ച കേരളത്തിന് വേണ്ടി 32ാം മിനിട്ടില്‍ നോഹയാണ് ഗോള്‍ വേട്ട ആരംഭിച്ചത്. അടുത്ത ട്രൈ ക്രോസ് ബാറിന് തട്ടിയെങ്കിലും 39ാം മിനിട്ടില്‍ പെപ്ര സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് 45ാം മിനിറ്റില്‍ പെപ്ര വീണ്ടും ഗോള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യ പകുതിക്ക് ശേഷം 50ാം മിനിട്ടില്‍ നോഹ രണ്ടാമത്തെ ഗോള്‍ നേടിയതോടെ. അധികം വെച്ചു നീട്ടാതെ 53ാം മിനിറ്റില്‍ പെപ്ര തന്റെ ഹാട്രിക് ഗോളും സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ 76ാം മിനിട്ടില്‍ നോഹയും ഹാട്രിക് നേടിയതോടെ മുംബൈ തലകുനിക്കുകയായിരുന്നു.