| Wednesday, 27th December 2023, 9:59 pm

ചരിത്രം, ചാമ്പ്യന്‍മാരെ ഹോം സ്‌റ്റേഡിയത്തിലിട്ട് തീര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്; അവസാന മത്സരത്തിലും ജയം

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ അവസാന മത്സരത്തിലും വിജയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മോഹന്‍ ബഗാനെതിരെ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ആദ്യ ജയമാണിത്.

4-4-2 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാന്‍ ഇവാന്‍ വുകോമനൊവിച്ച് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. അതേസമയം, 4-2-3-1 എന്ന ഫോര്‍മേഷനാണ് മോഹന്‍ ബഗാന്‍ കോച്ച് ജെ. ഫെറാണ്ടോ അവലംബിച്ചത്.

മത്സരം തുടങ്ങി പത്ത് മിനിട്ട് പൂര്‍ത്തിയാകും മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ ഞെട്ടിച്ചിരുന്നു. ഒമ്പതാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുമ്പിലെത്തി.

നാലാം മിനിറ്റില്‍ പ്രതിരോധ താരത്തില്‍നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാല്‍ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയിരുന്നു.

എന്നാല്‍ ഒമ്പതാം മിനിട്ടില്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിന്റെ ഇടതുകോണില്‍ നിന്ന് ഡയമെന്റകോസിന്റെ ഇടം കാല്‍ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു അവസരവും നല്‍കാതെ പോസ്റ്റിനുള്ളില്‍ തുളഞ്ഞുകയറുകയായിരുന്നു. സീസണില്‍ താരത്തിന്റെ ഏഴാം ഗോളാണിത്. ഇതോടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതെത്താനും ദിമിത്രിക്ക് സാധിച്ചു.ഏഴ് ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെപേരിലുള്ളത്.

തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിലും വാശിയേറിയ പോരാട്ടമാണ് സോള്‍ട്ട് ലേക്ക് കണ്ടത്. അടിയും തിരിച്ചടിയുമായി ആതിഥേയരും സന്ദര്‍ശകരും തിളങ്ങിയപ്പോള്‍ ഇരു ടീമിന്റെയും ഗോള്‍മുഖം ആക്രമണ ഭീഷണിയിലായി.

വിജയക്കുതിപ്പ് തുടര്‍ന്ന കൊമ്പന്‍മാര്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. അതേസമയം ഹാട്രിക് തോല്‍വി നേരിട്ട ചാമ്പ്യന്‍മാര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

സീസണിലെ എട്ടാമത്തെയും എവേ ഗ്രൗണ്ടിലെ മൂന്നാം ജയവുമാണ് ബ്ലാസ്റ്റേഴ്‌സ് സോള്‍ട്ട് ലേക്കില്‍ സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റി എഫ്.സിയെ തോല്‍പിച്ച അതേ ആവേശം കൊല്‍ക്കത്തയിലും മഞ്ഞപ്പട പുറത്തെടുത്തപ്പോള്‍ മഹോജ്വല പാരമ്പര്യം പേറുന്ന മോഹന്‍ ബഗാന് ജയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

Content highlight: Kerala Blasters defeated Mohun Bagan

We use cookies to give you the best possible experience. Learn more