വാങ്ങിയ കടങ്ങള്‍ വീട്ടി കലിപ്പടക്കിക്കൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പല സീസണിലും കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് നഷ്ടപ്പെട്ട വിജയം ഇത്തവണ തങ്ങളുടെ പേരിലാക്കാനാണ് വമ്പോടെ കൊമ്പന്‍മാര്‍ മുന്നേറുന്നത്.
ടീമിന്റെ മുന്നേറ്റം ആരാധകരെ ചില്ലറയൊന്നുമല്ല ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ടീമിന്റെ ഓരോ കളി കഴിയുമ്പോളും ആരാധകര്‍ വെല്ലുവിളികളുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്താറുണ്ട്.
എന്നാലിപ്പോള്‍, ആരാധകരും കളിക്കാരും സംയമനം പാലിക്കണമെന്ന് പറയുകയാണ് ടീമിന്റെ പരിശീലകനായ ഇവാന്‍ വുക്മാനൊവിച്ച്. ആവശ്യമില്ലാത്ത തരത്തിലുള്ള വെല്ലുവിളികളും മറ്റും വേണ്ടെന്നും, വായടച്ച് വിനയം കൈവിടാതെ കഠിനമായി പരിശ്രമിക്കണമെന്നുമാണ് കോച്ചിന്റെ ഉപദേശം.
പോയിന്റ് പട്ടികയിലെ ഇപ്പോഴത്തെ മുന്നേറ്റം തല്‍കാലം കണക്കിലെടുക്കേണ്ടതില്ലെന്നും, കഴിഞ്ഞ സീസണില്‍ ഏറ്റവും പിന്‍നിരയിലായാണ് നമ്മള്‍ ഫിനിഷ് ചെയ്തത് എന്ന കാര്യം ഓര്‍ക്കണം എന്നും വുക്മാനൊവിച്ച് കൂട്ടിച്ചേര്‍ക്കുന്നു.
‘പോയിന്റ് ടേബിളില്‍ എവിടെയാണ് ഉള്ളതെന്ന് ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. സീസണിന്റെ തുടക്കത്തില്‍ എല്ലാ ടീമുകളും മികച്ച പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ മുന്നിലെത്താനാണ് ആഗ്രഹിക്കുന്നത്, കഴിഞ്ഞ സീസണ്‍ നമ്മളെ സംബന്ധിച്ച് വളരെ മോശമായിരുന്നു. സെക്കന്റ് ലാസ്റ്റായാണ് ടീം ഫിനിഷ് ചെയ്തത്.
സീസണിന്റെ അവസാനം എവിടെയെത്തുമെന്ന് നോക്കാമെന്നും, മികച്ച രീതിയിലാണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ സന്തോഷവാനായിരിക്കുമെന്നും അല്ലാത്ത പക്ഷം പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജംഷഡ്പൂര്‍ എഫ്.സിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.