ആറ് വര്‍ഷത്തിന് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 20ന് ഗോവയില്‍ വെച്ചാണ് കലാശ പോരാട്ടം.
ഇന്ന് നടക്കുന്ന എ.ടി.കെ മോഹന്‍ ബഗാന്‍ – ഹൈദരാബാദ് മത്സരത്തിലെ വിജയികളെയാണ് കലാശപ്പോരാട്ടത്തില്‍ കൊമ്പന്‍മാര്‍ക്ക് നേരിടാനുള്ളത്.
ഇപ്പോഴിതാ, കൊമ്പന്‍മാരുടെ സ്വന്തം ആരാധകക്കൂട്ടത്തെ കളികാണാന്‍ ഗോവയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പാപ്പാന്‍ ഇവാന്‍ വുകോമനൊവിച്ച്.
ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ എന്‍.എന്‍ പിള്ളയുടെ കേറിവാടാ മക്കളേ എന്ന ഡയലോഗ് പറഞ്ഞാണ് ഇവാന്‍ ഗോവയെ മഞ്ഞക്കടലാക്കാന്‍ മഞ്ഞപ്പടയെ ക്ഷണിക്കുന്നത്.
‘കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗോവയിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ്. വന്ന് ഞങ്ങളെ പിന്തുണയ്ക്കൂ. കേറിവാടാ മക്കളേ,’ എന്നാണ് അദ്ദേഹം പറയുന്നത്.
കഴിഞ്ഞ ദിവസം ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സിയെ സമനിലയില്‍ തളച്ചതോടെയാണ് കേരളം ഫൈനലിലേക്ക് കുതിച്ചത്. 1-1 എന്ന നിലയില്‍ സമനില നേടിയെങ്കിലും 2-1 അഗ്രഗേറ്റ് എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്.
18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തിയ കേരളം മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എങ്കിലും ജംഷഡ്പൂര്‍ അതിന് തടയിടുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ആക്രമിച്ചുകളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ ഞെട്ടിച്ചത്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ തന്നെയാണ് 18ാം മിനിറ്റില്‍ ഗോളിലേക്ക് വഴിവെച്ചതും.
പ്ലേ ഓഫിന്റെ ആദ്യപാദത്തില്‍ 1-0 എന്ന ലീഡുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മലയാളി താരം സഹല്‍ നേടിയ ഗോളിന്റെ ബലത്തില്‍ സമനിലയായാലും കേരളം ഫൈനലിലെത്തുമായിരുന്നു. 2-1 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്.
ആദ്യമത്സരത്തില്‍ ഗോള്‍ കണ്ടെത്തിയ സഹല്‍ അടക്കം ഇല്ലാതെ അടിമുടി മാറ്റിയായിരുന്നു കോച്ച് ടീമിനെ സജ്ജമാക്കിയത്. എങ്കിലും അതിന്റെ ആലസ്യമൊന്നും തന്നെ ടീമിന് ഉണ്ടായിരുന്നില്ല. എണ്ണയിട്ട യന്ത്രം പോലെ അവര്‍ കോച്ചിന്റെ നിര്‍ദേശത്തിനൊത്ത് ചലിക്കുകയും ജയിക്കുകയുമായിരുന്നു.
ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയലിന്റെ വെല്ലുവിളിക്കുള്ള മറുപടി കൂടിയായിരുന്നു കേരളത്തിന്റെ ജയം. ജംഷഡ്പൂരിനെതിരായ ജയത്തോടെ തങ്ങളുടെ മൂന്നാം ഫൈനലിനാണ് കേരളം ബൂട്ടുകെട്ടുന്നത്.
ഇന്ന് നടക്കുന്ന എ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്.സി മത്സരത്തിലെ വിജയികളെയായിരിക്കും കേരളത്തിന് നേരിടാനുണ്ടാവുക. 3-1 എന്ന സ്‌കോറിന് ഹൈദരാബാദ് ഇപ്പോള്‍ മുന്നിലാണ്.
Content Highlight: Kerala Blasters Coach Ivan Vukomanovich welcomes Manjappada to Goa