| Monday, 14th November 2022, 8:13 pm

ഏത് ശൈലിയിലും കളിക്കാനാകുമെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഇവാൻ വുകോമനോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ​ഗോവക്കെതിരെ നടന്ന മത്സരത്തിൽ 3-1നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജയം.

ഐ.എസ്.എല്ലിലെ കരുത്തരായ ടീമുകളിലൊന്നായ എഫ്.സി ​ഗോവയെ കീഴ്പ്പെടുത്താനായത് വലിയ ആത്മ വിശ്വാസമാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടാക്കിയിരിക്കുന്നത്.

എഫ്.സി ഗോവക്കെതിരായ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്ന് മത്സര ശേഷം നൽകിയ അഭിമുഖത്തിൽ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ശക്തരായ എതിരാളികളോടാണ് തങ്ങൾ ഏറ്റുമുട്ടാൻ പോകുന്നതെന്ന ബോധ്യമുണ്ടായിരുന്നെന്നും ഏത് രീതിയിലും ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാകുമെന്ന് താരങ്ങൾ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇത്തരം എതിരാളികളോട് മത്സരിക്കുമ്പോൾ തീർച്ചയായും ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എഫ്.സി ഗോവ പന്ത് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അഗ്രകണ്യരാണ്.

അവർക്കെതിരെ ചെറുപ്പക്കാരായ ഞങ്ങളുടെ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായത് അത്ര നിസാര കാര്യമല്ല. ഏത് ശൈലിയിലും തങ്ങൾക്ക് കളിക്കാനാകുമെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി മറ്റെല്ലാ ടീമുകളെയും പോലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പ്രോസസിൽ ആണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മാത്രം പ്രത്യേകതയാണിത്.

മത്സരം പുരോഗമിക്കുന്തോറുമാണ് ടീം മെച്ചപ്പെടുന്നത്. കളത്തിലെ ഏറ്റവും മികച്ച ഓപ്ഷനുകൾ കണ്ടെത്തുന്നതുവരെ പരീക്ഷണം തുടരും.

അതുവരെ പോയിന്റ് നേടുക എന്നതാണ് പ്രധാനം. ഡിസംബർ, ജനുവരി മാസങ്ങളിൽ പരമാവധി പോയിന്റ് നേടിയാൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത്രയും സമ്മർദ്ദം കുറഞ്ഞിരിക്കും,’ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഇതേപടി തുടർന്നാൽ ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെട്ട് വരുമെന്നും തുടർച്ചയായ മൂന്ന് തോൽവിക്കു ശേഷം തുടർച്ചയായ രണ്ട് ജയം നേടിയതിലൂടെ വന്ന മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kerala Blasters coach Ivan Vukomanovic shares his thoughts on the win against Goa

Latest Stories

We use cookies to give you the best possible experience. Learn more