| Sunday, 16th January 2022, 3:29 pm

പിന്നെ എന്തിനുവേണ്ടിയാണ് ഈ മത്സരം നടത്തുന്നത്; ആശങ്കയുമായി ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്മനൊവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കൊവിഡ് ഭീതി തുടരുമ്പോഴും ഐ.എസ്.എല്ലില്‍ മത്സരങ്ങള്‍ തുടരുന്നതിന്റെ ആശങ്കകള്‍ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്മനൊവിച്ച്. ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള- മുംബൈ സിറ്റി മത്സരത്തെക്കുറിച്ചുള്ള ആശങ്കകളാണ് വുക്മനൊവിച്ച് പങ്കുവെക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ടീമിന് പരിശീലനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഹോട്ടല്‍ മുറിയില്‍ തന്നെ അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മറുവശത്ത് മുംബൈ സിറ്റി എഫ്.സിയാകട്ടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ പരിശീലനം നടത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സകല ഗെയിം പ്ലാനും അവതാളത്തിലായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ടീമിന് പരിശീലനം നടത്താനോ, ബയോ ബബിളിന് പുറത്ത് കടക്കാനോ സാധിക്കാത്ത അവസ്ഥയാണ്.

‘ഞങ്ങള്‍ക്കിതുവരെ ടീം മീറ്റിംഗുകള്‍ ചേരാന്‍ സാധിച്ചിട്ടില്ല. ജിം ഉപയോഗിക്കാന്‍ പറ്റുന്നില്ല. എതിരാളിയുടെ വീഡിയോ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാന്‍ പോലും പറ്റുന്ന സാഹചര്യമില്ല. പിന്നെ ഈ മത്സരം എന്തിനു വേണ്ടിയാണ് കളിക്കുന്നത്,’ കോച്ച് ചോദിക്കുന്നു.

ഐ.എസ്.എല്ലില്‍ ഇരുവരും കഴിഞ്ഞ തവണയേറ്റുമുട്ടിയപ്പോള്‍ വിജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്നു. തങ്ങളുടെ കളിയെ കളിയാക്കിയ മുംബൈ ടീമിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചതെന്നോണമായിരുന്നു കൊമ്പന്‍മാര്‍ മുംബൈ സിറ്റിയെ തോല്‍പിച്ചത്.

ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരങ്ങളിലെ തങ്ങളുടെ അണ്‍ബീറ്റണ്‍ റണ്‍ തുടരാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ മഞ്ഞപ്പടയ്ക്ക് തങ്ങളുടെ സ്ട്രീക്ക് തുടരാന്‍ സാധിക്കുമോ എന്നത് വലിയൊരു ചോദ്യമാണ്.

എന്നാല്‍ ഏതൊരു പ്രതികൂല സാഹചര്യത്തിലും കോച്ച് വുക്മനൊവിച്ച് തങ്ങളോടൊപ്പം ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്‌സിനും മഞ്ഞപ്പടയ്ക്കും. ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും ഏത് ടീം എത്ര പണം ഓഫര്‍ ചെയ്താവും പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Want to attack more and score goals: Kerala Blasters' Ivan Vukomanovic

കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തിലും തോല്‍വിയറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറുന്നത്. എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റു തുടങ്ങിയെങ്കിലും എല്ലാ ടീമിനുമുള്ള കടം പലിശയടക്കം കൊടുത്ത് തീര്‍ത്താണ് കൊമ്പന്‍മാര്‍ കുതിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Kerala Blasters Coach Ivan Vukmanovich about the match between Blasters and Mumbai City FC

We use cookies to give you the best possible experience. Learn more