മുംബൈ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂക്കുംകുത്തി വീഴുമ്പോഴും ആരാധകര്‍ക്ക് ആശ്വാസമായത് കെ.പി.രാഹുലിന്റെ പ്രകടനമായിരുന്നു.
വെള്ളിയാഴ്ച കൊച്ചി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രാഹുല്‍ പുറത്തെടുത്തത്.
ഈ സീസണില്‍ ഇതാദ്യത്തെ തവണയാണ് രാഹുല്‍ പ്ലെയിങ് ഇലവനില്‍ ഇറങ്ങുന്നത്. കളി തോറ്റെങ്കിലും മത്സര ശേഷം താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച്.
മുംബൈയുമായുള്ള മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയിരുന്നത്. രാഹുലിനെ പ്ലെയിങ് ലെവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തെ വലതു വിങ്ങിലാണ് കളിപ്പിച്ചത്.
മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. പന്ത് കൈവശം വെക്കുന്നതിലായാലും പ്രസ് ചെയ്യുന്നതിലും വ്യക്തിഗത നീക്കങ്ങളിലുമെല്ലാം രാഹുല്‍ മികവ് കാട്ടിയിരുന്നു.
ഇടക്ക് പ്രതിരോധ നിരയിലേക്കും അദ്ദേഹത്തിനെത്താന്‍ സാധിച്ചു. തീര്‍ച്ചയായും അപകടകാരിയായ താരമാണ് രാഹുല്‍. അദ്ദേഹം പ്രശംസ അര്‍ഹിക്കുന്നുണ്ട്,’ ഇവാന്‍ പറഞ്ഞു.
വെള്ളിയാഴ്ച ഐ.എസ്.എല്ലില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മഞ്ഞപ്പടയെ തകര്‍ക്കുകയായിരുന്നു.
മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.
പ്രതിരോധ നിരയിലുണ്ടായ മോശം പ്രകടനമാണ് ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് ഒരു ഗോള്‍ പോലും നേടാനാവാതെ നിരാശയോടെ കോര്‍ട്ട് വിടുകയായിരുന്നു മഞ്ഞപ്പട.
തുടക്കം മുതല്‍ മുംബൈ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 21-ാം മിനിട്ടില്‍ മെഹ്താബ് സിങ്ങിലൂടെ മുംബൈ ആദ്യ ഗോള്‍ നേടുകയായിരുന്നു. മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍.
ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്.
മെഹ്താബിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ ഗില്ലിന് ഒന്നും ചെയ്യാനായില്ല. പിന്നാലെ 31-ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി.
ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുലിന്റെ ഒരു ഷോട്ട് മുംബൈ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
ഒഡിഷ എഫ്.സിയുമായി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ടീമില്‍ അടിമുടി മാറ്റം വരുത്തിയാല്‍ മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്കൊരു മുന്നേറ്റമുണ്ടാകൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
പ്രധാന പ്രശ്‌നം ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടീമിന്റെ ഗോളിയായ പ്രഭ്സുഖന്‍ സിങ് ഗില്ലിന് ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരായ ആദ്യ മത്സരത്തില്‍ തന്നെ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
സ്ട്രൈക്കര്‍മാരായ ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്തൊലസ് ജിയാനുവിന്റെയും പ്രകടനത്തെയും ആരാധകര്‍ വിമര്‍ശിച്ചു.
അതേസമയം ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.
Content Highlights: Kerala Blasters coach Ivan Vucomanovic praises KP Rahul