ബിനോയുടെ കുത്തുവാക്കുകള്‍ മറന്ന് ഡേവിഡ് ജെയിംസെത്തി ഗോകുലം എഫ്.സിയുടെ കളി കാണാന്‍; അട്ടിമറി വിജയത്തിന് ഗോകുലത്തിന് ജെയിംസിന്റെ അഭിനന്ദനം
I League
ബിനോയുടെ കുത്തുവാക്കുകള്‍ മറന്ന് ഡേവിഡ് ജെയിംസെത്തി ഗോകുലം എഫ്.സിയുടെ കളി കാണാന്‍; അട്ടിമറി വിജയത്തിന് ഗോകുലത്തിന് ജെയിംസിന്റെ അഭിനന്ദനം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2018, 9:42 am

കൊല്‍ക്കത്ത: ഏതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ്? ആരാധകര്‍ക്കും ഫുട്‌ബോള്‍ പണ്ഡിതര്‍ക്കും ഇടയില്‍ ഇന്നും ചര്‍ച്ച നടക്കുന്ന ചോദ്യമാണത്. ഉത്തരം ഐ.എസ്.എല്‍ എന്നായാലും ഐ ലീഗെന്നായാലും ആരാധകന് നല്ല ഫുട്‌ബോള്‍ കാണാനും ആസ്വദിക്കാനും യാതൊരു തടസവുമില്ല. അതിപ്പോള്‍ പണമൊഴുകുന്ന ഐ.എസ്.എല്ലായാലും ദേശീയ ലീഗായ ആ ലീഗ് ആയാലും.

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേരിട്ടിരുന്നു. സമനിലയായിരുന്നു മത്സരഫലം. പ്ലേഓഫിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇതോടെ മങ്ങുകയും ചെയ്തു. ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമുള്ളത്.

17ാം തിയ്യതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം. അതിന് മുന്നോടിയായി വീണുകിട്ടിയ ഇടവേള ആസ്വദിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന ഗോകുലം കേരള എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജര്‍ ഡേവിഡ് ജെയിംസുമെത്തി.


ഐ ലീഗിനെ അംഗീകരിക്കുന്നതാണ് ഡേവിഡിന്റെ സമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഡേവിഡ് ജെയിംസിനെതിരെ ഗോകുലത്തിന്റെ കോച്ച് ബിനോ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഡേവിഡ് പരിശീലകനേ അല്ലെന്നായിരുന്നു ബിനോ പറഞ്ഞത്.

ജെയിംസ് മത്സരം കാണാന്‍ എത്തിയെന്ന് മാത്രമല്ല കളിയുടെ അപ്‌ഡേഷനുകള്‍ ട്വിറ്റര്‍ വഴി ആരാധകരുമായി പങ്കു വെക്കുകയും ചെയ്തു. ഒടുവില്‍ കൊല്‍ക്കത്തന്‍ ടീമിനെ ഗോകുലം അട്ടിമറിച്ചപ്പോള്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു.