വിനോദ നികുതി നോട്ടീസ്; കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം തള്ളി കൊച്ചി കോർപ്പറേഷൻ
Football
വിനോദ നികുതി നോട്ടീസ്; കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം തള്ളി കൊച്ചി കോർപ്പറേഷൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 6:20 pm

വിനോദ നികുതി ആവശ്യപ്പെട്ടുള്ള കത്ത് പിൻവലിക്കണമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം തള്ളി കൊച്ചി കോർപ്പറേഷൻ.

സർക്കാർ ഉത്തരവ് പ്രകാരമാണ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് വിനോദ നികുതി ഈടാക്കുന്നതെന്നും നികുതി പിരിക്കുന്നത് കോടതി തടഞ്ഞിട്ടില്ലെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

കൊച്ചിയിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 ഫുട്‌ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നൽകിയ വിനോദ നികുതി നോട്ടീസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണെന്ന് സമർത്ഥിച്ച് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് രേഖാമൂലം മറുപടി നൽകിയത്.

2017 ജൂണിൽ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ സർക്കാർ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കൂടാതെ, ഫുട്ബോൾ മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.

ഈ വശങ്ങൾ വ്യക്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് കോർപ്പറേഷന് രേഖാമൂലമുള്ള മറുപടി നൽകിയത്.

കലൂർ നെഹ്റു സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് വിനോദ നികുതിയടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ രണ്ട് നോട്ടീസുകൾക്കും ഐ.എസ്.എൽ അധികൃതർ മറുപടി നൽകിയില്ലെന്നും.

48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോർപറേഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മറുപടിയുമായി ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയത്.

വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും ഇത് സംബന്ധിച്ച് ബാധകമായ സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോർപ്പറേഷൻ നിലവിൽ നോട്ടീസ് അയച്ചിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് നോട്ടീസിനുള്ള മറുപടിയിൽ വിശദമാക്കിയിരുന്നു.

കലൂരിലെ ഐ.എസ്.എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടക്കണമെന്നാവശ്യപെട്ട് കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും കത്തു നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം.

Content Highlights: Kerala Blasters claims exemption from entertainment tax