| Wednesday, 16th March 2022, 10:47 pm

ഫൈനലില്‍ കേരളത്തിന്റെ 'മഞ്ഞപ്പട' കളത്തിലിറങ്ങില്ല; മഞ്ഞ ജേഴ്‌സി ഹൈദരാബാദിന്

സ്പോര്‍ട്സ് ഡെസ്‌ക്

മാര്‍ച്ച് 20ന് ഗോവയില്‍ വെച്ച് നടക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സി ധരിക്കാന്‍ അനുവാദമില്ല. ഹൈദരാബാദ് എഫ്.സിക്കായിരിക്കും മഞ്ഞ ജേഴ്‌സി ധരിക്കാന്‍ സാധിക്കുക. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.

ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റെ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന് മഞ്ഞ ജേഴ്‌സി ധരിക്കാനുള്ള അവസരം കിട്ടിയത്. ഇതോടെ ഗോവയിലെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പം സങ്കടപ്പെടേണ്ടി വരും.

ഹൈദരാബാദ് എഫ്.സി

പ്ലേ ഓഫിന്റെ രണ്ട് പാദങ്ങലിലായി എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയത്. രണ്ടാം പാദത്തില്‍ 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 3-1 എന്ന സ്‌കോര്‍ തുണയാവുകയായിരുന്നു. ഫൈനല്‍ അഗ്രഗേറ്റ് സ്‌കോര്‍ 3-2

ഇതാദ്യമായാണ് ഹൈദരാബാദ് ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

ആദ്യ സെമിയില്‍ ജംഷഡ്പൂരിനെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണ്.

കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഫൈനലില്‍ ആരുതന്നെ ജയിച്ചാലും ഐ.എസ്.എല്ലില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നുറപ്പാണ്.

രണ്ടാം സെമിഫൈനലിലെ രണ്ടാം പാദത്തില്‍, ആദ്യ പാദത്തിലെന്ന പോലെ റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്കായി ഗോള്‍ നേടിയത്. 79ാം മിനിറ്റിലായിരുന്നു താരം ഗോള്‍ നേടിയത്.

കളിയുടെ ഭൂരിഭാഗ സമയവും ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

23-ാം മിനിറ്റിലാണ് ഹൈദരാബാദ് എ.ടി.കെ ഗോള്‍മുഖത്തിലേക്ക് ആദ്യ ആക്രമണമഴിച്ചുവിടുന്നത്. ഓഗ്ബച്ചെയുടെ മികച്ച മുന്നേറ്റത്തില്‍ ഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു.

ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കുമ്പോള്‍ തങ്ങളുടെ ഫൈനല്‍ മോഹങ്ങളാണ് തകരുന്നതെന്ന് മോഹന്‍ ബഗാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. ഒരുപക്ഷേ, ബോമസ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുകയായിരുന്നെങ്കില്‍ 3-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടേനെ.

രണ്ടാം പകുതിയിലും പലകുറി മുന്നേറ്റം നടത്തിയെങ്കിലും മോഹന്‍ ബഗാനെ ഗോള്‍ മാത്രം കടാക്ഷിച്ചില്ല. ഒടുവില്‍ 79ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെ മുന്നിലെത്തിയപ്പോഴേക്കും കളി ഏകദേശം തീരുമാനമായിരുന്നു.

Content Highlight: Kerala Blasters Cant wear Yellow Jersey in ISL Finals

Latest Stories

We use cookies to give you the best possible experience. Learn more